എസ് എസ് എല്‍ സിക്ക് മലയാളത്തില്‍ എ പ്ലസ് നേടി സ്റ്റാറായിരിക്കുകയാണ് ഒഡീഷക്കാരനായ സന്‍ഗ്രാം പ്രധാന്‍. ഉത്തരേന്ത്യയില്‍ നിന്നുള്ളവരെല്ലാം രണ്ടാം ഭാഷയായി ഹിന്ദി തിരഞ്ഞെടുക്കുമ്പോഴാണ് കോഴിക്കോട് തലക്കുളത്തൂര്‍ സിഎംഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയായ സന്‍ഗ്രാം മലയാളം ഉള്‍പ്പെടെ മൂന്ന് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയത്.
മലയാളനാട് നല്‍കിയ സ്നേഹത്തിനും കരുതലിനുമുള്ള നന്ദി കൂടിയാണ് സന്‍ഗ്രാമിന്‍റെ എ പ്ലസ് നേട്ടം. ആറുവര്‍ഷം മുമ്പ് കുടുംബത്തിനൊപ്പം തലക്കുളത്തൂരില്‍ എത്തുമ്പോള്‍ സന്‍ഗ്രാമിന് മലയാളം ബാലികേറാമലയായിരുന്നു. ഇതൊക്കെ മറികടന്ന് മലയാളം മീഡിയത്തില്‍ പഠിച്ചാണ് സന്‍ഗ്രാം മിന്നുംവിജയം നേടിയത്.
റിസല്‍ട്ട് വരുന്നത് സന്‍ഗ്രാം അറിഞ്ഞിരുന്നില്ല. മലയാളികളായ സഹപാഠികളാണ് റിസല്‍ട്ട് വിളിച്ചറിയിച്ചത്. കുമാരാനാശാന്‍റെ കവിതകളോടാണ് കൂടുതല്‍ താത്പര്യം. അച്ചടക്കത്തിന്റ കാര്യത്തില്‍ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിയാണ് സന്‍ഗ്രാം.
ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ കേരളത്തിലെ സ്കൂളില്‍ ചേരുമ്പോള്‍ രണ്ടാം ഭാഷയായി തിരഞ്ഞെടുക്കുക ഹിന്ദി ആണ്. ബുദ്ധിമുട്ടാണെന്ന് അറിഞ്ഞിട്ടും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ സന്‍ഗ്രാം തയാറാവുകയായിരുന്നു.