ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റ് വഴി ഭീഷണി. ഒരു സ്ത്രീയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തിന് പുറമേ ബിജു ജനതാദള്‍ എംപി സുഭാഷിഷ് കുന്തിയയെ കൊലപ്പെടുത്തുമെന്നും പുരിയിലെ ഒരു ഷോപ്പിങ് കോംപ്ലക്സ് തകര്‍ക്കുമെന്നും പോസ്റ്റിലുണ്ട്. പൊലീസ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഒരു സ്ത്രീയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. ഇവരെ കണ്ടെത്തി ചോദ്യംചെയ്തെങ്കിലും പോസ്റ്റുമായി ബന്ധമില്ലെന്ന് അവര്‍ മൊഴി നല്‍കി. തന്‍റെ പേരും ഫോട്ടോയും ഉപയോഗിച്ച് ആരോ ഫേക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തതായിരിക്കാമെന്നാണ് അവരുടെ നിലപാട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
ഭീഷണി സന്ദേശം വന്നതിനുപിന്നാലെ ജഗന്നാഥ ക്ഷേത്രത്തിനും പുരി നഗരത്തിലും സുരക്ഷ ശക്തമാക്കി. ബിജെഡി എംപി സുഭാഷിഷ് കുന്തിയ പുരി പൊലീസ് സൂപ്രണ്ടുമായി സംസാരിച്ചു. എംപിയെ അജ്ഞാതന്‍ ഫോണില്‍ വിളിച്ചും ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റ് പൊലീസ് കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചത്.