donald-trump-youth-kill

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ മാറലോഗോ റിസോർട്ട് വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ സീക്രട്ട് സർവീസ് വെടിവച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് അതീവ സുരക്ഷാ മേഖലയായ റിസോർട്ടിന്റെ വടക്കേ ഗേറ്റിനു സമീപം തോക്കും ഇന്ധനം നിറച്ച കാനുമായി യുവാവ് എത്തിയത്. കീഴടങ്ങാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിച്ച് വെടിയുതിർക്കാൻ ശ്രമിച്ചതോടെയാണ് ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തിയത്.

സാധാരണ വാരാന്ത്യങ്ങളില്‍ ട്രംപ് ഇവിടെ എത്താറുണ്ടെങ്കിലും സംഭവം നടന്ന സമയത്ത് ഡോണൾഡ് ട്രംപ് വസതിയിൽ ഉണ്ടായിരുന്നില്ല. ട്രംപിന്റെ സുരക്ഷാ വലയത്തിന് നേരെ വീണ്ടും വെല്ലുവിളിയുയർന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവിന് ഏകദേശം 20 വയസിന് മുകളിലാണ് പ്രായമെന്നും ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിഎൽമി അറിയിച്ചു. 'ഇന്ന് (ഞായർ) പുലർച്ചെ മാർ എ ലാഗോയുടെ സുരക്ഷിതമായ അതിർത്തിയിലേക്ക് നിയമവിരുദ്ധമായി കടന്നുകയറിയ ഒരു തോക്കുധാരിയെ യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി.' എന്നായിരുന്നു അദ്ദേഹത്തിന്റെ എക്സ് പോസ്റ്റ്. എഫ്.ബി.ഐ, പാം ബീച്ച് ഷെരീഫ് ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ സംഭവത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെയും ട്രംപിന് നേരെ വധശ്രമങ്ങൾ ഉണ്ടായിട്ടുള്ള പശ്ചാത്തലത്തിൽ ഈ സുരക്ഷാ ലംഘനം അതീവ ഗൗരവത്തോടെയാണ് രാജ്യം നോക്കിക്കാണുന്നത്. 2024 സെപ്റ്റംബറിൽ വെസ്റ്റ് പാം ബീച്ചിലെ ഗോൾഫ് ക്ലബ്ബിൽ ട്രംപിനെ വധിക്കാൻ ശ്രമിച്ച റയാൻ റൗത്തിന് കോടതി കഴിഞ്ഞദിവസം ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഇതിന് പിന്നാലെ ട്രംപിന്റെ പ്രാഥമിക വസതിക്ക് നേരെ തന്നെ ആക്രമണശ്രമം ഉണ്ടായത് സുരക്ഷാ ഏജൻസികളെ കടുത്ത ജാഗ്രതയിലാക്കിയിരിക്കുകയാണ്. വസതിക്ക് ചുറ്റും സുരക്ഷാ ക്രമീകരണങ്ങൾ ഇരട്ടിയാക്കി.

ENGLISH SUMMARY:

US Secret Service agents shot and killed an armed intruder at Donald Trump’s Mar-a-Lago resort in Florida. The suspect attempted to enter the high-security zone with a gun and fuel cans, raising fresh security concerns.