വിശന്ന വയറുമായി നടക്കുമ്പോഴും കളഞ്ഞുകിട്ടിയ സ്വര്‍ണമടങ്ങിയ പേഴ്സിനേക്കാള്‍ വലുതാണ് കുമാറിന് സത്യസന്ധത. ജോലി അന്വേഷിച്ച് ഒട്ടിയവയറുമായി നടന്ന ട്രിച്ചി സ്വദേശി ഇരുപതിയേഴുകാരന്‍ കുമാറാണ് കാപട്യം നിറഞ്ഞലോകത്തില്‍ മാതൃകയായത്. സംഭവം നടക്കുന്നത് കോഴിക്കോട് താമരശേരിയിലാണ്.
തമിഴ‌്നാട്ടില്‍ നിന്ന് ജോലി അന്വേഷിച്ചാണ് കുമാര്‍ താമരശേരിയില്‍ എത്തിയത്. അച്ഛന്‍ മരിച്ചുപോയി. പ്രായമായ അമ്മ മാത്രമാണ് സ്വന്തമെന്ന് പറയാനായി കുമാറിനുള്ളത്. ജീവിതപ്രാരാബ്ധങ്ങള്‍ക്ക് പരിഹാരം കാണാനാണ് ട്രിച്ചിയില്‍ നിന്ന് കോഴിക്കോട്ടെത്തിയത്. ഊട്ടിയും, ഗൂഡല്ലൂരിലും, ബത്തേരിയിലുമെല്ലാം ജോലി തേടി. കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതോടെ ബത്തേരിയില്‍ നിന്ന് ലോറിയില്‍ കയറി താമരശേരിയില്‍ ഇറങ്ങുകയായിരുന്നു.
കൈയില്‍ പണമില്ലാതെ വിശന്ന് റോഡിലൂടെ നടക്കുമ്പോഴാണ് ഒരു വാച്ച് കടയ്ക്ക് സമീപത്ത് നിന്ന് കുമാറിന് പേഴ്സ് ലഭിക്കുന്നത്. കളഞ്ഞുകിട്ടിയ പേഴ്സ് കുമാര്‍ വാച്ച് കടക്കാരനെ ഏല്‍പ്പിച്ചു. കടയുടമ പേഴ്സ് പരിശോധിച്ചപ്പോഴാണ് ഒന്നരപവന്‍റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടത്. സമീപത്തെ ജ്വലറിയില്‍ നിന്നാണ് സ്വര്‍ണം വാങ്ങിയതെന്ന് മനസിലാക്കിയ കടക്കാരന്‍ പേഴ്സിന്‍റെ ഉടമസ്ഥയെ കണ്ടെത്തി വിവരമറിയിച്ചു. തുടര്‍ന്ന് ഉടമസ്ഥയായ ചമല്‍ പിള്ളച്ചിറ സ്വദേശി എല്‍സിയെത്തി പേഴ്സ് തിരികെ വാങ്ങുകയായിരുന്നു. എല്‍സി വാച്ച് കടയ്ക്ക് സമീപം കാര്‍ നിര്‍ത്തിയിട്ടാണ് സ്വര്‍ണക്കടയിലേക്ക് പോയത്. തിരികെ വന്ന് കാറില്‍ കയറുമ്പോഴാണ് പേഴ്സ് നഷ്ടമായതെന്ന് എല്‍സി പറഞ്ഞു.
കുമാറാണ് പേഴ്സ് സന്തോഷപൂര്‍വം എല്‍സിക്ക് തിരികെ നല്‍കിയത്. ആ സന്തോഷത്തില്‍ തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള തുക എല്‍സി കുമാറിന് നല്‍കി. അയാള്‍ ആഹാരം കഴിച്ചില്ലെന്ന് മനസിലാക്കിയ സ്വര്‍ണക്കടക്കാരന്‍ ആഹാരവും വാങ്ങി കൊടുത്തു. വയറും മനസും ഒരുപോലെ നിറഞ്ഞ കുമാര്‍ തിരികെ നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ഈ വിവരമറിഞ്ഞ മുക്കത്തെ ടൂവീലര്‍ ഷോറൂം ഉടയായ സിദ്ദിഖ് തന്‍റെ സ്ഥാപനത്തില്‍ കുമാറിന് ജോലി വാഗ്ദാനം ചെയ്തു. മെയ് ആദ്യം ജോലിക്ക് എത്താമെന്ന് കുമാര്‍ സിദ്ദിഖിന് ഉറപ്പുനല്‍കി നാട്ടിലേക്ക് യാത്രയായി.