കോഴിക്കോട് വിജില്‍ തിരോധനാക്കേസില്‍ മൃതദേഹം കണ്ടെത്താനായി സരോവരം തണ്ണീര്‍ത്തട പ്രദേശത്ത് വഴിയുണ്ടാക്കാനായി നിക്ഷേപിച്ച മണ്ണ് ഇതുവരെ നീക്കിയില്ല. സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ മൂന്ന് മാസം മുന്‍പാണ് പൊലീസ് മണ്ണിട്ട് നികത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും സ്ഥലം പഴയ രീതിയിലാക്കത്തതിനെതിരെ പ്രതിഷേധവുമായി പ്രകൃതി സംരക്ഷണ സമിതി രംഗത്തെത്തി.
വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജിലിന്‍റെ മരണത്തിന്‍റെ ചുരളഴിക്കാന്‍ കഴിഞ്ഞ ജൂണ്‍ മാസം അവസാനത്തോടെയാണ് സരോവരത്തെ ചതുപ്പില്‍ പൊലീസ് പരിശോധന ആരംഭിച്ചത്. വിജിലിന്‍റെ മൃതദേഹം ഇവിടെ കുഴിച്ചിട്ടു എന്ന് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചതുപ്പില്‍ മണ്ണിട്ട് നികത്തി താത്കാലിക റോഡ് നിര്‍മ്മിച്ച് മണ്ണ് മാന്ത്രി യന്ത്രം എത്തിച്ച് നടത്തിയ പരിശോധനയ്ക്കൊടുവില്‍ മൃതദേഹ അവിശിഷ്ടങ്ങള്‍ കണ്ടെത്തി. ഡി.എന്‍.എ പരിശോധനഫലം വരുകയും അന്വേഷണം പൂര്‍ത്തിയാകുകയും ചെയ്തിട്ടും. മണ്ണിട്ടു നികത്തിയ സ്ഥലം പൂര്‍വസ്ഥതിയിലാക്കാന്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രകൃതി സംരക്ഷണസമിതിയുടെ ആരോപണം
തണ്ണീര്‍ത്തട സംരക്ഷണമേഖലയായ സരോവരത്ത് 46 ലോഡ് മണ്ണിട്ടാണ് മൃതദേഹം കുഴിച്ചിട്ട് ഭാഗത്തേക്ക് വഴി നിര്‍മ്മിച്ചത്. ഈ ഭാഗത്ത് ഇപ്പോള്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതും പതിവായിരിക്കുകയാണ്.തണ്ണിര്‍ത്തട പ്രദേശം പൂര്‍വസ്ഥിതിയിലാക്കുന്നതുവരെ നിയമ പോരാട്ടം തുടരുവാനാണ് പ്രകൃതി സംരക്ഷണസമിതിയുടെ തീരുമാനം.