കോഴിക്കോട് വിലങ്ങാട് നാട്ടുകാര്‍ കടുവ ഭീതിയിൽ. കടുവയെ കണ്ടെന്ന് കൂടുതൽ പേർ പറഞ്ഞതോടെ പ്രദേശത്ത് വനംവകുപ്പ് പരിശോധന തുടങ്ങി. പെരിയ റിസർവ് വനമേഖലയോട് ചേർന്ന് ഇന്നലെ രാത്രിയാണ് നാട്ടുകാർ കടുവയെ കണ്ടത്.
ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് പാനോത്തില്‍ കേഴയ്ക്ക് പുറകേ ഓടുന്ന കടുവയെ നാട്ടുകാരില്‍ ഒരാള്‍ കണ്ടത്. പിന്നാലെ അരക്കിലോ മീറ്റര്‍ മാറി 11.30ക്ക് രണ്ടാമതും കടുവയെ കണ്ടു.കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് രണ്ട് പേരും കടുവയെ കണ്ടിരുന്നു. ഒരാഴ്ച്ച മുൻപ് കടുവയ കണ്ടതായി ആദിവാസികളും സ്ഥിരീകരിച്ചിരുന്നു.
ഇണചേരുന്ന സമയമായതിനാൽ കടുവ സാന്നിധ്യം തള്ളിക്കളയാൻ കഴിയില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.കടുവയെ കണ്ടതായി പറയുന്ന പ്രദേശത്ത് ആർ. ആർ.ടിയും വനം വകുപ്പും പുലര്‍ച്ചെ വരെ പരിശോധന നടത്തിയെങ്കിലും കാല്‍പാടുകളൊന്നും പതിഞ്ഞതായി കണ്ടെത്തിയിട്ടില്ല. കടുവസാന്നിധ്യം വനം വകുപ്പും തള്ളിക്കളയാത്ത സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ പോലും നാട്ടുകാര്‍ക്ക് പേടിയാണ്.