കോഴിക്കോട് കോര്‍പ്പറേഷനില്‍ സീറ്റുകളുടെ എണ്ണം ഇരട്ടിയോളമാക്കിയാണ് എന്‍ഡിഎ കരുത്ത് തെളിയിച്ചത്. ഇടത്, വലത് സിറ്റിങ് സീറ്റുകളില്‍ കടന്നുകയറിയായിരുന്നു ബിജെപിയുടെ തേരോട്ടം. തിരുവനന്തപുരം മോഡലില്‍ അടുത്ത തവണ കോഴിക്കോട് ഭരിക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം.
കോര്‍പ്പറേഷനിലെ മികച്ച പ്രകടനത്തെ ബിജെപി എത്രത്തോളം പ്രാധാന്യത്തോടെ കാണുന്നുവെന്നതിന്‍റെ തെളിവാണിത്. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയും കാരപറമ്പില്‍ മല്‍സരിച്ചു വിജയിക്കുകയും ചെയ്തു. കാരപ്പറമ്പില്‍ മാത്രമല്ല നഗരം മുഴുവന്‍ ബിജെപി ആഘോഷത്തിലായിരുന്നു. കാരണം ഏഴ് സീറ്റില്‍ നിന്ന് 13 ആക്കിയാണ് ഉയര്‍ത്തിയത്. 6 സീറ്റുകള്‍ അധികം ലഭിച്ചു. മേയര്‍ ബീന ഫിലിപ്പിന്‍റെ പൊറ്റമ്മല്‍ വാര്‍ഡ് പിടിച്ചെടുക്കാനായതാണ് എന്‍ഡിഎയുടെ മികച്ച നേട്ടങ്ങളിലൊന്ന്.
സിവില്‍ സ്റ്റേഷന്‍, കുതിരവട്ടം, ബേപ്പൂര്‍, തിരുത്തിയാട് എന്നീ ഡിവിഷനുകള്‍ എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാനായി. യുഡിഎഫില്‍ നിന്ന് ചാലപ്പുറവും കൈക്കലാക്കി. കാരപ്പറമ്പ് അടക്കമുള്ള സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താനുമായി. തിരുവനന്തപുരം നഗരസഭയില്‍ പടിപടിയായി ഉയര്‍ന്ന് ഇപ്പോള്‍ ഭരണം പിടിച്ചതുപോലെ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരിക്കുമെന്നാണ് കണക്കുകള്‍ നിരത്തി എന്‍ഡിഎ വാദിക്കുന്നത്.