കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫിന് ഭരണം നഷ്ടമായത് 294 വോട്ടുകള്‍ക്ക്. ഏഴ് ഡിവിഷനുകളില്‍ കുറഞ്ഞ വോട്ടുകള്‍ക്ക് തോറ്റതോടെയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ യുഡിഎഫിന് അടിയറവ് പറയേണ്ടിവന്നത്. എല്‍ഡിഎഫിന് ശ്വാസം നേരെ വീഴാന്‍ അവസാനനിമിഷം വരെ കാത്തിരിക്കേണ്ടിയും വന്നു. 2010ലെ 34 സീറ്റുകള്‍ക്ക് ശേഷം കോഴിക്കോട് കോര്‍പ്പറേഷനിലെ ഏറ്റവും മികച്ച പ്രകടനമാണ് യുഡിഎഫിന്‍റേത്. 28 സീറ്റുകള്‍. ഏഴ് ഡിവിഷനുകള്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായതാണ് യുഡിഎഫിനെ കോര്‍പ്പറേഷന്‍ ഭരണത്തില്‍ നിന്ന് അകറ്റിയത്.
കുറഞ്ഞ വോട്ടുകള്‍ക്ക് എല്‍ഡിഎഫിനോട് തോറ്റ ഡിവിഷനുകള്‍ ഇവയാണ്. ചെലവൂര്‍ 17 വോട്ടുകള്‍. അരക്കിണര്‍ 19 വോട്ടുകള്‍. ചെറുവണ്ണൂര്‍ വെസ്റ്റില്‍ 22 വോട്ടുകള്‍. പുതിയങ്ങാടിയില്‍ 62 ഉം പാളയത്ത് 73 ഉം പൂളക്കടവില്‍ 92 വോട്ടുകള്‍ക്കുമാണ് തോറ്റത്. പുതിയറയില്‍ ബിജെപിയോട് തോറ്റതാകട്ടെ വെറും 9 വോട്ടുകള്‍ക്ക്. എല്ലാം വിജയത്തിനോടടുത്ത പരാജയം. ഈ വോട്ടുകളെല്ലാം കൂടി ചേര്‍ത്താല്‍ ആകെ 294 വോട്ടുകള്‍. അതായത് ഇത്രയും വോട്ടുകള്‍ കൂടി യുഡിഎഫിന് അനുകൂലമായ പോള്‍ ചെയ്യപ്പെട്ടിരുന്നുവെങ്കില്‍ ഭരണം കൈപ്പിടിയിലൊതുങ്ങിയേനെ എന്നര്‍ഥം. അതിന്‍റെ നിരാശ ഡിസിസി നേതൃത്വത്തിനുണ്ടെങ്കിലും ആഞ്ഞ് പിടിച്ചാല്‍ കോര്‍പ്പറേഷന്‍ പിടിക്കാമെന്ന ആത്മവിശ്വാസത്തിലെത്താന്‍ ഈ പ്രകടനം കാരണമായി. 2030 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടുകള്‍ക്ക് പുറകില്‍ പോയ ഡിവിഷനുകളില്‍ പ്രത്യേക ശ്രദ്ധയൂന്നി കേവലഭൂരിപക്ഷത്തിലേയ്ക്ക് നടന്നടുക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.