കാസർകോട് ജില്ലാ പഞ്ചായത്ത് വളപ്പിൽ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ഒരുക്കിയ 33 അടി ഉയരമുള്ള ശില്പത്തിന്റെ അനാച്ഛാദനച്ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എത്താത്തതിൽ വിവാദം. സ്പീക്കറുടെ അസാന്നിധ്യത്തിൽ പ്രതിഷേധവുമായി കലാകാരന്മാർ. മഹാനായ കലാകാരനോടുള്ള അവഹേളനമാണിതെന്ന് വിമർശനം. സ്പീക്കറുടെ അഭാവത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാനായി കുഞ്ഞിരാമൻ ഒരുക്കിയ എൻഡോസൾഫാൻ ഇരകളുടെ ദുരിതവും അതിജീവനവും ഓർമ്മിപ്പിക്കുന്ന ശില്പങ്ങൾ യാഥാർഥ്യമായത്. എന്നാൽ അനാച്ഛാദനച്ചടങ്ങിൽ സ്പീക്കർ എത്താതിരുന്നതോടെ കലാകാരന്മാർ പ്രതിഷേധം അറിയിക്കുകയായിരുന്നു. മഹാനായ കലാകാരനോടുള്ള അവഹേളനമാണിതെന്നായിരുന്നു വിമർശനം.
കലയിൽ രാഷ്ട്രീയം കാണരുതെന്ന് പറഞ്ഞ കാനായി കുഞ്ഞിരാമൻ ആര് ഉദ്ഘാടനം ചെയ്താലും ഇല്ലെങ്കിലും ശില്പം ജനങ്ങൾക്കുള്ളതാണെന്നും ശില്പങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയാണ് പതിവെന്നും വ്യക്തമാക്കി. സ്പീക്കറുടെ അസാന്നിധ്യത്തിൽ ദുഃഖമുണ്ടെന്നും എന്നാൽ ഒരാഴ്ച കൂടി കാത്തിരുന്നെങ്കിൽ നവംബർ 20-ന് കാസർകോട് എത്തുന്ന മുഖ്യമന്ത്രിയെക്കൊണ്ട് തന്നെ ശില്പം ഉദ്ഘാടനം ചെയ്യിക്കാമായിരുന്നുവെന്നും പരിപാടി ഉദ്ഘാടനം ചെയ്തു രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
എന്നാൽ കാസർകോടിനെ നിരന്തരം അവഗണിക്കുന്നുവെന്ന നീരസം തുറന്നു പറഞ്ഞ മഞ്ചേശ്വരം എം.എൽ.എ എകെഎം അഷറഫ് സമാനമായ പരിപാടി തിരുവനന്തപുരത്ത് ആണെങ്കിൽ മന്ത്രിമാരുടെ നിര കാണുമായിരുന്നുവെന്ന കടുത്ത വിമർശനം ഉയർത്തി. പരിപാടിയിൽ ജില്ലയിലെ എംഎൽഎമാർ, ജില്ലാ കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പൊലീസ് മേധാവി, രാഷ്ട്രീയ കലാരംഗങ്ങളിലെ പ്രമുഖർ അടക്കമുള്ളവർ പങ്കെടുത്തു.