kanayi-statues

എൻഡോസൾഫാൻ ദുരന്തത്തിന്‍റെ കണ്ണീരും അതിജീവനത്തിന്‍റെ പ്രതീക്ഷയും ഇനി ശില്പങ്ങളായി കാസർകോട് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ. സ്വന്തം നാട്ടിൽ ആദ്യമായി പൂർത്തിയാക്കിയ ബൃഹദ് സൃഷ്ടി നാടിന് സമർപ്പിക്കുമ്പോൾ കാനായി കുഞ്ഞിരാമന് ഇത് അഭിമാനത്തിന്റെയും വൈകാരികതയുടെയും നിമിഷം.

പതിനെട്ട് വർഷത്തെ കാത്തിരിപ്പ്... പ്രതിസന്ധികളും നിയമക്കുരുക്കുകളും... ഒടുവിൽ കാസർകോടിന്റെ മണ്ണിൽ ഒരു മഹാശില്പം യാഥാർഥ്യമാകുന്നു. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപം നൽകിയ എൻഡോസൾഫാൻ സ്മാരകത്തിലെ 'വിക്ടിം', 'ഫ്രീഡം' എന്നീ ഇരട്ട ശില്പങ്ങളാണ് അനാച്ഛാദനത്തിന് ഒരുങ്ങുന്നത്. നവംബർ 13-ന് രാവിലെ 9.30-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ  കാസർകോട് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ശില്പങ്ങൾ നാടിന് സമർപ്പിക്കും.

കേരളത്തിൽ കാനായി കുഞ്ഞിരാമൻ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഉയരം കൂടിയ ശില്പങ്ങളെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. ഏകദേശം 32 മുതൽ 33 അടി വരെ ഉയരമുള്ള ഈ സ്മാരകം എൻഡോസൾഫാൻ ദുരന്തത്തിന്റെ ഓർമകൾക്കൊപ്പം അതിജീവനത്തിന്റെ സന്ദേശം കൂടിയാണ് പകരുന്നത്.

വേദനയുടെ ഓർമയായി 'വിക്ടിം'; പ്രതീക്ഷയായി 'ഫ്രീഡം'– എൻഡോസൾഫാൻ ദുരന്തം തകർത്ത ജീവിതങ്ങളുടെ നേർചിത്രമാണ് 'വിക്റ്റിം' എന്ന ശില്പം. ദുരന്തബാധയേറ്റ് വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞുങ്ങളുടെ വേദനയും അവരെ ചേർത്തുപിടിക്കുന്ന അമ്മയുടെ നൊമ്പരവുമാണ് ശില്പത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. വലിയ ശിരസ്സുകളുള്ള കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്ന അമ്മയുടെ രൂപം കാഴ്ചക്കാരുടെ മനസ്സിൽ ആഴത്തിലുള്ള വേദനയുണർത്തും.

വേദനയുടെ മറുവശത്ത് പ്രതീക്ഷയുടെ സന്ദേശവുമായി 'ഫ്രീഡം'. ക്യൂബിക് ഘടനയിൽ ഒരുക്കിയ ഈ ശില്പം സ്വാതന്ത്ര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ്. ദുരന്തത്തിന്റെ ഓർമകളെ മായ്ച്ചുകളയാതെ, അതിനെ അതിജീവിച്ച മനുഷ്യരുടെ പോരാട്ടങ്ങൾക്ക് ആദരമർപ്പിക്കുകയാണ് ഈ ഇരട്ട ശില്പങ്ങൾ.

2008-ൽ തുടങ്ങിയ യാത്ര; പൂർത്തിയാകാൻ വേണ്ടിവന്നത് 18 വർഷം– 2006-ൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.വി. ബാലകൃഷ്ണന്‍റെ ഭരണകാലത്താണ് എൻഡോസൾഫാൻ ദുരന്തത്തിന്‍റെ ഓർമയ്ക്കായി സ്മാരക ശില്പമെന്ന ആശയം ഉയർന്നത്. 2008-ൽ കാനായി കുഞ്ഞിരാമൻ നിർമ്മാണം ആരംഭിച്ചു. എന്നാൽ പലവിധ പ്രതിസന്ധികൾ പദ്ധതിയുടെ മുന്നോട്ടുള്ള യാത്ര തടസ്സപ്പെടുത്തി.

തുടക്കത്തിൽ 20 ലക്ഷം രൂപയായിരുന്നു പദ്ധതിയുടെ ചെലവ്. വർഷങ്ങൾ നീണ്ടതോടെ അത് ഏകദേശം 65 ലക്ഷമായി ഉയർന്നു. ഫണ്ടിന്‍റെ അപര്യാപ്തതയും നിയമക്കുരുക്കുകളും കോവിഡും കാലാവസ്ഥാ വെല്ലുവിളികളും നിർമ്മാണം വൈകിപ്പിച്ചു.

ശില്പകൂലി പോലും പൂർണമായി പരിഗണിക്കാതെ സ്വന്തം കൈയിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ചാണ് കാനായി ഈ ദൗത്യം തുടർന്നത്. ഒടുവിൽ 2024 ഡിസംബറിൽ നിർമ്മാണം വീണ്ടും സജീവമായി. ആരോഗ്യപ്രശ്നങ്ങളും കനത്ത മഴയും വെല്ലുവിളിയായെങ്കിലും ഭാര്യ നളിനിയുടെയും അസിസ്റ്റന്റുമാരുടെയും പിന്തുണയോടെ 2026 ഏപ്രിലിൽ ശില്പനിർമ്മാണം പൂർത്തിയാക്കി.

ശില്പനിർമ്മാണം പൂർത്തിയാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റുമാരുടെ യോഗവും വിളിച്ചുചേർത്തിരുന്നു. കാനായിക്ക് ലഭിക്കാനുള്ള മൂന്ന് ലക്ഷം രൂപയുടെ കുടിശ്ശിക ഉടൻ കൈമാറാനും ധാരണയായിട്ടുണ്ട്.

'സ്വന്തം കുഞ്ഞിനെ നാടിനായി വിട്ടുനൽകുന്ന സന്തോഷം'– കാനായി കുഞ്ഞിരാമനെ സംബന്ധിച്ച് ഈ ശില്പം മറ്റൊരു കലാസൃഷ്ടി മാത്രമല്ല. സ്വന്തം നാട്ടിൽ പൂർത്തിയാക്കിയ ആദ്യത്തെ വലിയ സൃഷ്ടി. അതും തന്റെ ശില്പജീവിതത്തിലെ ഏറ്റവും ഉയരം കൂടിയ ശില്പം.

തിരുവനന്തപുരം മുതൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി സൃഷ്ടികൾ ഒരുക്കിയിട്ടുണ്ടെങ്കിലും സ്വന്തം നാട്ടിൽ ഇതുവരെ ഒരു ശില്പം നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് കാനായി പറയുന്നു. ഏറെ പ്രതിസന്ധികൾക്കൊടുവിൽ ഈ ദൗത്യം പൂർത്തിയാക്കാനായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവയ്ക്കുന്നു.

കോവിഡും മഴയും ഫണ്ടിന്റെ അപര്യാപ്തതയും നിർമ്മാണത്തെ ബാധിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ശില്പം പൂർത്തിയാക്കാനായത് വലിയ സംതൃപ്തിയാണ്. സ്വന്തം കുഞ്ഞിനെ നാടിനായി വിട്ടുനൽകി മടങ്ങുന്ന ചാരിതാർഥ്യമാണ് ഇപ്പോഴുള്ളതെന്നും കാനായി പറയുന്നു.

ശില്പം നിർമ്മിച്ചു; ഇനി സംരക്ഷിക്കേണ്ടത് നാട്– ശില്പങ്ങൾ പൂർത്തിയാക്കി മടങ്ങുന്നതോടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നാണ് കാനായിയുടെ ഓർമപ്പെടുത്തൽ. പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന കലാസൃഷ്ടികൾ കൃത്യമായി സംരക്ഷിക്കപ്പെടണം. കുറഞ്ഞത് രണ്ട് വർഷത്തിലൊരിക്കലെങ്കിലും പെയിന്റ് ചെയ്ത് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി ശില്പങ്ങൾ പരിപാലിക്കണം. അതിന് നാട്ടുകാരും അധികൃതരും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

രാഷ്ട്രീയത്തിനും സാഹിത്യത്തിനും സിനിമയ്ക്കും നൽകുന്ന പ്രാധാന്യത്തിനൊപ്പം ശില്പകലയ്ക്കും പൊതുകലാസൃഷ്ടികൾക്കും സമൂഹത്തിൽ ഇടമുണ്ടാകണം. പുതിയ തലമുറയിൽ കലാസ്വാദനവും ശില്പകലയോടുള്ള അഭിരുചിയും വളർത്തിയെടുക്കണമെന്നും കാനായി പറയുന്നു.

 കാസർകോടിന് വേണം ഒരു ഫൈൻ ആർട്സ് കോളജ്– ജില്ലയിലെ കലാപഠന സൗകര്യങ്ങളുടെ കുറവും കാനായി ചൂണ്ടിക്കാട്ടുന്നു. ചിത്രകലയിലും ശില്പകലയിലും ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന കാസർകോട്ടെ കുട്ടികൾക്ക് സ്വന്തം ജില്ലയിൽ ആവശ്യമായ സൗകര്യങ്ങളില്ല. ബെംഗളൂരുവിലേക്കോ മദ്രാസിലേക്കോ കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്കോ പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

കാസർകോട് ജില്ലയിൽ സർക്കാർ ഫൈൻ ആർട്സ് കോളേജ് അനുവദിക്കണമെന്നാണ് കാനായിയുടെ ആവശ്യം. കലാപഠനത്തിനുള്ള അവസരങ്ങൾ ഇവിടെത്തന്നെ ഒരുക്കിയാൽ പുതിയ തലമുറയിൽനിന്ന് മികച്ച കലാകാരന്മാർ വളർന്നുവരുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.

 

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാസർകോടിന് ലഭിക്കുന്നത് രണ്ട് ശില്പങ്ങൾ മാത്രമല്ല. ഒരു ജനത അനുഭവിച്ച ദുരന്തത്തിന്റെ ചരിത്രവും അതിജീവനത്തിന്റെ കരുത്തും വരുംതലമുറയ്ക്കുള്ള ഓർമപ്പെടുത്തലുമാണ്. സ്വന്തം നാട്ടിൽ ഒരു കുഞ്ഞിനെപ്പോലെ ഈ സൃഷ്ടിയെ വിട്ടുനൽകി മടങ്ങുമ്പോൾ കാനായി കുഞ്ഞിരാമന്റെ കലാജീവിതത്തിലും കാസർകോടിന്റെ സാംസ്കാരിക ചരിത്രത്തിലും നവംബർ 13 ഒരു അടയാളപ്പെടുത്തലാകും.

ENGLISH SUMMARY:

Kanayi Kunhiraman Endosulfan monument unveiling in Kasaragod marks the completion of the renowned sculptor's tallest and most deeply personal twin creations, 'Victim' and 'Freedom'. After 18 years of legal hurdles, funding delays, and immense physical challenges, these powerful symbols of tragedy and survival have finally been dedicated to the public at the Kasaragod District Panchayat complex.