nattu-soothram

അടുക്കളയിൽ നിന്ന് അതിജീവനത്തിന്‍റെ പുതിയ വഴികൾ തുറക്കുകയാണ്  മടിക്കൈയിലെ ഒരു കൂട്ടം സ്ത്രീകൾ. രുചികരമായ ചപ്പാത്തി മുതൽ കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരമായ അമൃതം പൊടി വരെ. മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ പിന്തുണയോടെ വിജയകരമായി മുന്നേറുന്ന വനിതാ സംരംഭങ്ങളെ കുറിച്ച് അറിയാം. 

വീട്ടിലെ അടുക്കളയിൽ ഒതുങ്ങിനിന്നിരുന്ന കൈകൾ ഇന്ന് തൊഴിൽ സംരംഭങ്ങളുടെ അമരക്കാരാണ്.മടിക്കൈ ഗ്രാമ പഞ്ചായത്തിന്‍റെയും  കുടുംബശ്രീയുടെയും പിന്തുണയും കൂട്ടായ്മയുടെ കരുത്തും കൈമുതലാക്കി മടിക്കൈയിൽ വിജയകരമായി മുന്നേറുകയാണ് വനിതാ സംരംഭങ്ങൾ. കീക്കാംകോട്ട്

ചപ്പാത്തി മെയ്കിങ് യൂണിറ്റ് ഇതിന് മികച്ച ഉദാഹരണമാണ്. 5 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന യൂണിറ്റിൽ ഓർഡർ അനുസരിച്ച് മൃദുവായ ചപ്പാത്തി  തയ്യാറാക്കുന്നു. ഗുണമേന്മയും രുചിയും ഉറപ്പാക്കി മുന്നേറുന്ന ഈ സംരംഭം നിരവധി സ്ത്രീകൾക്ക് വരുമാനമാർഗം കൂടിയാണ്. ചപ്പാത്തിയുടെ രുചിക്കപ്പുറം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും കരുതലൊരുക്കുന്നുണ്ട് മടിക്കൈയിലെ കുടുംബശ്രീ യൂണിറ്റുകൾ. ആറ് മാസം മുതൽ മൂന്ന് വയസ്സുവരെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന ന്യൂട്രിമിക്സിന്‍റെ നിർമാണവും ഇവിടെ സജീവമാണ്.

ഐ.സി.ഡി.എസ് സംവിധാനത്തിന്‍റെ മേൽനോട്ടത്തിലാണ്  പഞ്ചായത്തിലെ വിവിധ അങ്കണവാടികളിലേക്ക് ഉൽപ്പന്നം എത്തിക്കുന്നത്. തൊഴിൽ തേടി പുറത്തുപോകാതെ സ്വന്തം നാട്ടിൽ തന്നെ വരുമാനം കണ്ടെത്താൻ സ്ത്രീകൾക്ക് അവസരവും ഇതുവഴി ലഭിക്കുന്നു.ഇങ്ങനെ  മടിക്കൈ ഗ്രാമപഞ്ചായത്തിന്‍റെയും  കുടുംബശ്രീയുടെയും  കൈത്താങ്ങിൽ മടിക്കൈയിലെ സ്ത്രീകൾ തീർക്കുന്നത് സ്വയംപര്യാപ്തതയുടെ പുതിയ മാതൃകയാണ്.

Kudumbashree Empowers Rural Women Through Successful Micro-Enterprises: