neeraj-santhosh

TOPICS COVERED

കാസർകോട് നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർഥി നീരജ് സന്തോഷ് (15) ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെയും അധ്യാപകർക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം. സ്കൂൾ അധികൃതരിൽ നിന്നുള്ള മാനസിക സമ്മർദമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ സ്കൂളിൽ വെച്ച് നീരജിന് കടുത്ത മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു എന്ന് കുടുംബം പറയുന്നു. സ്കൂളിലെ ഒരു അധ്യാപകൻ  മുറിയിൽ പൂട്ടിയിട്ടതായി നീരജ് വീട്ടിൽ വെളിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. മരണദിവസം ആരോ ഫോണിൽ വിളിച്ച് നീരജിനെ വീട്ടിൽ നിന്ന് ഇറക്കിയിരുന്നു. പുറത്തുപോയി തിരിച്ചെത്തിയ ശേഷമാണ് നീരജ് ജീവനൊടുക്കിയത്. ഈ അജ്ഞാത ഫോൺ കോളിനെക്കുറിച്ചും കുടുംബത്തിന് സംശയമുണ്ട്.

സംഭവത്തിൽ നീലേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ ഫോൺ രേഖകൾ പരിശോധിച്ചും, അധ്യാപകരുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തും അന്വേഷണം ഊർജിതമാക്കാനാണ് തീരുമാനം. നീലേശ്വരം തൈക്കടപ്പുറം അഴിത്തല പണ്ടാരപ്പറമ്പിൽ സന്തോഷിന്റെ മകൻ നീരജ് സന്തോഷ് (15) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് നീരജിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ENGLISH SUMMARY:

Malayala Manorama Online News covers the tragic suicide of a tenth-grade student in Kasaragod, where grieving family members have made serious allegations against school authorities and teachers. The police have registered a case of unnatural death and are currently investigating the mysterious phone call and claims of harassment.