kasargod-water

ദേശീയപാത നിർമാണ പ്രവർത്തനങ്ങൾക്കിടെ തകരാറിലായ പ്രധാന ജലവിതരണ പൈപ്പ് ലൈൻ എട്ടുമാസമായിട്ടും പുനഃസ്ഥാപിക്കാത്തതോടെ കുടിവെള്ളം മുട്ടി കാസര്‍കോട് കാഞ്ഞങ്ങാട്ടെ ജനങ്ങൾ. ചെർക്കള-നീലേശ്വരം റീച്ചിന്റെ ഭാഗമായ ചെമ്മട്ടംവയലിലാണ് ജനങ്ങളുടെ ഈ ദുരിതജീവിതം.

എട്ട് മാസം മുമ്പ് ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിൽ ആഴത്തിൽ കുഴിയെടുത്തപ്പോൾ പ്രധാന ജലവിതരണ പൈപ്പ് ലൈൻ പൊട്ടിയിരുന്നു. പൈപ്പ് പൊട്ടിയപ്പോൾ ചോർച്ച താത്കാലികമായി തടയാനുള്ള പ്രവർത്തനം നടത്തിയതല്ലാതെ കുടിവെള്ളം കൃത്യമായി വിതരണം ചെയ്യാനുള്ള നടപടികളുണ്ടായില്ല. ഇതോടെ കാഞ്ഞങ്ങാട് നഗരസഭയിലെ 10, 12 വാർഡുകളിലുൾപ്പെടുന്ന 500 ഓളം കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാതെ പ്രതിസന്ധിയിലായത്. ചെമ്മട്ടംവയൽ, ബല്ലത്ത് കുയിൽ വീട്, ചിൽഡ്രൻസ് പാർക്ക്, കാനം അത്തിക്കോത്ത്, ശിവജി നഗർ, കല്യാൺ റോഡ് തുടങ്ങി പ്രദേശങ്ങൾ ഉൾപ്പെടുന്ന വാർഡുകളിലെ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്. 

വേനൽക്കാലം വന്നാൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ നിരവധി തവണ ജില്ലാ ഭരണകൂടത്തിനടക്കം പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. വേനലിന് മുന്നോടിയായി നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് നാട്ടുകാരുടെ തീരുമാനം.

ENGLISH SUMMARY:

Kasaragod water crisis leaves hundreds of families in Kanhangad struggling as a major water pipeline damaged during National Highway construction remains unfixed for eight months. Residents face severe drinking water shortages, prompting threats of strong protests if authorities fail to act before summer.