18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാസർകോട്ടെ എൻഡോസൾഫാൻ സ്മാരക ശില്പം യാഥാർഥ്യമാകുന്നു. കാനായി കുഞ്ഞിരാമൻ പൂർത്തിയാക്കിയ ഏറ്റവും ഉയരം കൂടിയ ശില്പം. 33 അടി ഉയരമുള്ള 'വിക്ടിം', 'ഫ്രീഡം' ശില്പങ്ങൾ നവംബർ 13-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്യും. സ്വന്തം കുഞ്ഞിനെപ്പോലെ ഒരു കലാസൃഷ്ടി നാടിനായി ബാക്കിവെച്ചു പോകാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരിതാർത്ഥ്യമുണ്ടെന്ന് കാനായി കുഞ്ഞിരാമൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കാസർകോട് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ഇനി എൻഡോസൾഫാൻ ദുരിതത്തിന്റെ ഓർമകൾക്ക് ശില്പഭാഷ്യം.'വിക്ടിം', 'ഫ്രീഡം' എന്നിങ്ങനെ കാനായി കുഞ്ഞിരാമന്റെ കരവിരുതിൽ പിറന്ന വിസ്മയ സൃഷ്ടികൾ നവംബർ 13-ന് രാവിലെ 9.30-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്യും. ദുരിതബാധിതരായ കുട്ടികളെ ചേർത്തുപിടിക്കുന്ന അമ്മയുടെ രൂപമാണ് 'വിക്ടിം'. ഒപ്പം ക്യൂബിക് ഘടനയിലുള്ള 'ഫ്രീഡം' ശില്പം ദുരിതത്തിന്റെ ഓർമകൾക്കൊപ്പം സ്വാതന്ത്ര്യത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശവും നൽകുന്നു. 2006-ൽ തീരുമാനിച്ച പദ്ധതി 2008-ൽ കാനായി കുഞ്ഞിരാമൻ ആരംഭിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോയി. 2024 ഡിസംബറിൽ പുനരാരംഭിച്ച നിർമാണം തന്റെ ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും ഒടുവിൽ പൂർത്തിയാക്കുകയായിരുന്നു. ശില്പകൂലി പോലും വാങ്ങാതെ സ്വന്തം പണം കൂടി ചെലവഴിച്ചാണ് കാനായി കലാസൃഷ്ടി പൂർത്തിയാക്കിയത്. സ്വന്തം നാട്ടിൽ ഒരു കലാസൃഷ്ടി നൽകാൻ സാധിച്ചതിൽ സന്തോഷമെന്ന് കാനായി കുഞ്ഞിരാമൻ.
കാസർകോട് ജില്ലയിൽ കുട്ടികൾക്ക് കല അഭ്യസിക്കാൻ മതിയായ സൗകര്യങ്ങളില്ലെന്ന ആശങ്കയും കാനായി പങ്കുവെക്കുന്നു. ജില്ലയിൽ സർക്കാർ ഫൈൻ ആർട്സ് കോളേജ് സ്ഥാപിക്കണമെന്നാണ് കാനായിയുടെ ആവശ്യം.രാഷ്ട്രീയവും സിനിമയും മാത്രം ചർച്ചയാകുന്ന നാട്ടിൽ കലയ്ക്കും ശില്പങ്ങൾക്കും കൂടി ഇടം ലഭിക്കണമെന്നും കാനായി കുഞ്ഞിരാമൻ പറയുന്നു.