kasargod

TOPICS COVERED

കാസർകോട് മഞ്ചേശ്വരത്ത് ദേശീയപാത 66ൽ ദീർഘദൂര യാത്രക്കാർക്കായി രാജ്യാന്തര നിലവാരത്തില്‍ വഴിയോര വിശ്രമകേന്ദ്രം ഒരുങ്ങുന്നു. 35 കോടിയിലേറെ രൂപ ചെലവിട്ടാണ് പദ്ധതി. കിഫ്ബിയുടെ സഹായത്തോടെയാണ് വിശ്രമകേന്ദ്രം.

ഹൊസങ്കടിക്കും വാമഞ്ചൂർ ചെക്ക് പോസ്റ്റിനും ഇടയിൽ പഴയ ചെക്ക് പോസ്റ്റ് ഭൂമിയിലെ അഞ്ചേക്കറിലാണ്  വിശ്രമകേന്ദ്രം ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരും ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് കിഫ്ബി വഴി 35 കോടിയിലധികം രൂപയുടെ ധനസഹായമാണ് ലഭ്യമാക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.

ഡ്രൈവ് ഇൻ മോട്ടൽ മുറികൾ, ട്രാവലേഴ്സ് ലോഞ്ച്, കോൺഫറൻസ് റൂമുകൾ, ബ്രാൻഡഡ് റസ്റ്ററന്റുകൾ, ഫുഡ് കോർട്ട് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഇന്ധന ഫില്ലിംഗ് സ്റ്റേഷൻ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിങ് സൗകര്യം, വർക്ക്‌ഷോപ്പ്, ആധുനിക ടോയ്‌ലറ്റുകൾ, ഫസ്റ്റ് എയ്ഡ് ക്ലിനിക്ക്, കാരവൻ പാർക്കിങ് എന്നിവയും സജ്ജമാക്കും. സംസ്ഥാനത്തുടനീളം വികസിപ്പിക്കുന്ന 30 വഴിയോര വിശ്രമകേന്ദ്രങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ദേശീയപാതയിലൂടെയുള്ള ദീർഘദൂര യാത്രക്കാർക്ക് വിശ്രമത്തിനും ഭക്ഷണത്തിനും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുമെല്ലാം ഒരിടത്ത് സൗകര്യമൊരുങ്ങും.

ENGLISH SUMMARY:

Kasaragod Manjeshwaram wayside rest area is being developed on National Highway 66 with international standards at a cost of over 35 crore rupees. This KIIFB-funded project aims to provide comprehensive facilities including motel rooms, food courts, and EV charging stations for long-distance travelers within two years.