ദേശീയപാത 66ല്‍ എറണാകുളം ജില്ലാ അതിര്‍ത്തിയായ മൂത്തകുന്നത്ത് എന്‍ട്രി, എക്സിറ്റ് പോയിന്റുകള്‍ ഇല്ലാത്തതില്‍ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍. പുതിയ ഉയരപ്പാത വരുന്നതോടെ മൂത്തകുന്നം ഒറ്റപ്പെട്ടുപോകുമെന്നാണ് നാടിന്റെ ആശങ്ക. ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ മൂത്തകുന്നത്ത് എത്താന്‍ കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിക്കേണ്ടിവരും.
15ല്‍ ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസിദ്ധമായ ആരാധാനാലയങ്ങളും ഉള്‍പ്പെടുന്നതാണ് മൂത്തകുന്നം പ്രദേശം. പുതിയ ഉയരപ്പാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടേക്കെത്താന്‍ വാഹനങ്ങള്‍ 6 കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കേണ്ടിവരും.
വൈപ്പിന്‍– മാല്യങ്കര, മൂത്തകുന്നം– കൊടുങ്ങല്ലൂര്‍, കൊടുങ്ങല്ലൂര്‍– മൂത്തകുന്നം– പറവൂര്‍ വഴി മറ്റു ജില്ലകളിലേക്കുള്ള ബസ് സര്‍വീസുകള്‍ തുടങ്ങിയവ പൂര്‍ണമായും ഇല്ലാതാകുമെന്നും നാട്ടുകാര്‍ പറയുന്നു. പ്രളയകാലത്ത് എറണാകുളം–തൃശൂര്‍ ജില്ലകളെ ബന്ധിപ്പിച്ച ഗതാഗത സംവിധാനമായിരുന്നു കൊടുങ്ങല്ലൂര്‍–മൂത്തകുന്നം–വൈപ്പിന്‍ റോഡ്. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ ഒഴിഞ്ഞുപോകാനുള്ള സാഹചര്യത്തെ പുതിയ പാത ബാധിക്കുമെന്നാണ് ആശങ്ക.
സര്‍വീസ് റോഡിന് തുടര്‍ച്ചയില്ലാത്തതിനാല്‍ തൃശൂര്‍ ജില്ലയിലേക്കോ തൃശൂരില്‍നിന്ന് തിരിച്ചോ മൂത്തകുന്നത്തേക്ക് പ്രവേശിക്കാനുമാകില്ല. ദിനംപ്രതി ആയിരങ്ങള്‍ വന്നുപോകുന്ന മൂത്തകുന്നം പ്രദേശത്തെ പിന്നോട്ടടിക്കുന്ന തീരുമാനം സ്വീകരിക്കരുതെന്നാണ് നാടിന്റെ ആവശ്യം.