muttil-case-anto-brothers-2

 

മുട്ടിൽ മരംമുറി കേസിലെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരുടെ ആവശ്യത്തിന് തിരിച്ചടി. വിചാരണ നിർത്തിവയ്ക്കില്ലെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി, പ്രതികൾ സമർപ്പിച്ച ഹർജി തള്ളി. കേസിൽ വരും തിങ്കളാഴ്ച (ഏഴാം തീയതി) കുറ്റപത്രം വായിച്ചുകേൾപ്പിക്കുമെന്നും, ഒന്നാം പ്രതി റോജി അഗസ്റ്റിൻ അന്നേദിവസം നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചു. ഹർജി പരിഗണിച്ച ദിവസം പ്രതികളാരും നേരിട്ട് ഹാജരായിരുന്നില്ല.

വയനാട് സുൽത്താൻ ബത്തേരി കോടതിയിൽ മരംമുറിയുമായി ബന്ധപ്പെട്ട ആദ്യ കേസിന്റെ വിചാരണ നടക്കുന്നുണ്ടെന്നും, അതിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ചോറ്റാനിക്കര കോടതിയിലെ നടപടികൾ നിർത്തിവെക്കണമെന്നുമായിരുന്നു അഗസ്റ്റിൻ സഹോദരന്മാരുടെ പ്രധാന വാദം. എന്നാൽ ഇവ രണ്ടും വേറെവേറെ കേസുകളാണെന്ന് വിലയിരുത്തിയാണ് കോടതി ഹർജി തള്ളിയത്. സ്വന്തം ഭൂമിയിൽ നിന്നും സർക്കാർ ഭൂമിയിൽ നിന്നും മരം മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ടാണ് ബത്തേരിയിൽ കേസ് നിലനിൽക്കുന്നത്. എന്നാൽ, വ്യാജ പാസ് നിർമ്മിച്ച് തടികൾ സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തി ചതിച്ചെന്ന പെരുമ്പാവൂർ സ്വദേശി അലിയുടെ പരാതിയിലാണ് ചോറ്റാനിക്കര കോടതിയിൽ കേസ് നടക്കുന്നത്.

കേസ് ചോറ്റാനിക്കര കോടതിയുടെ പരിധിയിലല്ലെന്ന് കാണിച്ച് മുൻപ് പ്രതികൾ സമർപ്പിച്ച ഹർജിയും ഹൈക്കോടതിയിലും ചോറ്റാനിക്കര കോടതിയിലും തള്ളപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാദവുമായി പ്രതികൾ എത്തിയത്. തിങ്കളാഴ്ച കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന ഘട്ടത്തിലേക്ക് കേസ് കടക്കുമ്പോൾ ഒന്നാം പ്രതി നേരിട്ട് ഹാജരാകണമെന്ന കോടതി ഉത്തരവ് കേസിൽ നിർണ്ണായക വഴിത്തിരിവാകും.

ENGLISH SUMMARY:

The Chottanikkara Magistrate Court delivered a major setback to the Augustine brothers by rejecting their petition seeking to halt trial proceedings in the Muttil tree-felling case. The defense argued that proceedings should be paused pending the verdict of a related case in the Sultan Bathery court, but the magistrate ruled that both represent distinct legal matters. Consequently, the court announced that the charge sheet will be read to the accused on the coming Monday, September 7th. Furthermore, the court issued a strict directive ordering the first accused, Roji Augustine, to appear in person for the upcoming hearing.