vd-satheesan-cm-oath-kerala

മുഖ്യമന്ത്രിയെ കാണാനെത്തുന്നവരുടെ അനിയന്ത്രിത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സന്ദർശകരുടെ സമയത്തിൽ നിയന്ത്രണം. വരുന്ന ബുധനാഴ്ച മുതൽ പുതിയ ക്രമീകരണങ്ങൾ നിലവിൽ വരും. തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്ന് ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5:30 മണി വരെ മാത്രമായിരിക്കും മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നതിനുള്ള അനുമതി നൽകിയിരിക്കുന്നത്.

അനിയന്ത്രിതമായി വർധിച്ച തിരക്ക് ഓഫീസിന്റെ പ്രവർത്തനങ്ങളെയും പ്രധാന യോഗങ്ങളെയും ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സി.എം.ഒ വിശദീകരിച്ചു. തിരുവനന്തപുരത്തിന് പുറത്തുനിന്ന് എത്തുന്ന സാധാരണക്കാരായ ആളുകൾക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്ന അവസ്ഥയും ഇതിലൂടെ പരിഹരിക്കപ്പെടും. 

സന്ദർശക ദിവസങ്ങളിൽ എത്തുന്ന ഭിന്നശേഷിക്കാർ, ശാരീരിക അവശത അനുഭവിക്കുന്നവർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേക പരിഗണന ഉറപ്പാക്കിയിട്ടുണ്ട്. ഇവർക്കായി താഴത്തെ നിലയിലുള്ള സന്ദർശക മുറിയിൽ പ്രത്യേക സൗകര്യം ഒരുക്കുകയും, മുഖ്യമന്ത്രി നേരിട്ടെത്തി ഇവരുടെ പരാതികൾ സ്വീകരിച്ച ശേഷം മറ്റുള്ളവർക്ക് പ്രവേശനം നൽകുകയും ചെയ്യും.

സന്ദർശക ദിവസങ്ങൾ അല്ലാത്തവ ഉൾപ്പെടെ എല്ലാ ദിവസവും ജനങ്ങളുടെ പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിനോട് അനുബന്ധിച്ച് പ്രത്യേക പരാതി പരിഹാര സെൽ സജ്ജീകരിച്ചിട്ടുണ്ട്. ഓഫീസിനു താഴെയുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സെല്ലിൽ എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം മൂന്ന് മുതൽ അഞ്ചര വരെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമായിരിക്കും. പരാതികൾ സ്വീകരിക്കുന്നതോടൊപ്പം അവയ്ക്കുള്ള അടിയന്തര നിർദ്ദേശങ്ങളും നടപടികളും സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥർ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ENGLISH SUMMARY:

To manage heavy crowd surges, visiting hours to meet Chief Minister Pinarayi Vijayan have been restricted starting this coming Wednesday. Visitors will now be permitted to meet the CM directly only on Mondays, Wednesdays, and Fridays between 3:00 PM and 5:30 PM. Special priority and ground-floor waiting arrangements will be provided for senior citizens, differently-abled individuals, and those with physical ailments, with the CM personally receiving their grievances first. Additionally, a dedicated grievance cell will function on all days from 3:00 PM to 5:30 PM to accept petitions and provide urgent status updates.