കാസര്‍കോട് മീഞ്ചയില്‍ താല്‍ക്കാലിക നടപ്പാലത്തില്‍ നിന്ന് കുത്തിയൊഴുകുന്ന പുഴയിലേക്ക് വീണ യുവതിയ്ക്ക് രക്ഷകനായി യുവാവ്. നാട്ടുകാരിയായ സുഷ്മിതയെ ആണ് അടുത്തുണ്ടായിരുന്ന ഉദയ് ഷെട്ടി പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തിയത്. സഹോദരിയ്ക്കൊപ്പം കമുക് പാലത്തിലൂടെ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മംഗൽപ്പാടി – മീഞ്ച പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ദേരമ്പള്ള കോൺക്രീറ്റ് പാലം തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. നാട്ടുകാര്‍ക്ക് ആശ്രയിക്കാനുള്ളത് ഒരു കമുക് പാലമാണ്. ഇതിലൂടെയാണ് സ്കൂളില്‍ നിന്ന് വരുന്ന അനുജത്തിക്കൊപ്പം സുഷ്മിത നടന്നത്. എന്നാല്‍ കാല്‍തെന്നി കുത്തിയൊഴുകുന്ന പുഴയിലേക്ക് സുഷ്മിത വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഉദയ് ഷെട്ടി കൃത്യസമയത്ത് കാണിച്ച ധീരതയാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്. സ്വന്തം ജീവന്‍ പണയപ്പെടുത്തിയായിരുന്നു ഉദയ് ഷെട്ടി പുഴയിലേക്ക് എടുത്തുചാടിയത്.
അനിയത്തി ആദ്യം പാലം കടന്ന് തിരിഞ്ഞുനോക്കുമ്പോഴാണ് ചേച്ചി പുഴയില്‍ വീണത് കാണുന്നത്. ഉദയ് ഷെട്ടി വെള്ളത്തിലേക്ക് ചാടിയതിനു ശേഷം മൂന്ന് തവണ സുഷ്മിതയെ ശ്രമിച്ചു. നാലാം തവണയിലാണ് കിട്ടിയത്. പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നെന്നും ഉദയ് ഷെട്ടി പറയുന്നു. തലചുറ്റി കാല്‍തെന്നി പുഴയിലേക്ക് വീണതാണെന്ന് സുഷ്മിത പറയുന്നു. അനുജത്തിയുടെ ബാഗ് കൈയ്യിലായിരുന്നു. പഠന രേഖകളും ടാബും മൊബൈലുമടങ്ങിയ ബാഗ് വെള്ളത്തില്‍ നഷ്ടമായി.
അപകടം സംഭവിച്ചതോടെ ദേരമ്പള്ള പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി. മീഞ്ച പഞ്ചായത്തിൽ നിന്ന് വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്ന പാലമാണിത്. പാലമില്ലെങ്കില്‍ 600 മീറ്റർ ദൂരെയുള്ള ബസ് സ്റ്റോപ്പിലെത്താൻ കിലോമീറ്ററുകൾ ചുറ്റേണ്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.