സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ കാലത്തും കൈകൊണ്ട് രേഖകൾ തയ്യാറാക്കേണ്ട ഗതികേടിൽ കാസർകോട് കുമ്പള വില്ലേജ് ഓഫീസ്. മൂന്ന് വില്ലേജുകൾക്കായി പ്രവർത്തിക്കുന്ന ഓഫീസിൽ ആകെയുള്ളത് ഒരു ലാപ്ടോപ്പും തെളിയാത്ത പ്രിന്ററും മാത്രം. ലാപ്ടോപ്പ് ആകട്ടെ മെഡിക്കൽ ടേപ്പ് ഉപയോഗിച്ച് ചുറ്റികെട്ടിയ നിലയിലും.
കോഴിപ്പാടി, ഇച്ചിലംപാടി, മൊഗ്രാൽ ഇനി മൂന്നു വില്ലേജുകൾക്കായാണ് കാസർകോട് കുമ്പളയിൽ വില്ലേജ് ഓഫീസ് സ്ഥാപിതമായത്. 30 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിൽ നിന്ന് തിരിയാൻ സ്ഥലമില്ല. ആറ് ജീവനക്കാർ ശ്വാസംമുട്ടിയാണ് ഓഫീസിൽ ജോലി ചെയ്യുന്നത്. ആവശ്യമായ ഉപകരണങ്ങളൊന്നും ഓഫീസിൽ ലഭ്യമാക്കിയില്ല. ആകെയുള്ള 3 കമ്പ്യൂട്ടറിൽ ഒന്നാണ് കൃത്യമായി പ്രവർത്തിക്കുന്നത്. അതാവട്ടെ മെഡിക്കൽ ടേപ്പ് ഉപയോഗിച്ച് കെട്ടി നിർത്തിയിരിക്കുന്നു.
അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ ഉദ്യോഗസ്ഥർ കഴിയുന്നത്ര രേഖകൾ കൈപ്പടയിൽ എഴുതി നൽകലാണ് പതിവ്. സർക്കാർ പേപ്പർലെസ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ തയ്യാറാക്കുമ്പോഴാണ് കുമ്പള വില്ലേജ് ഓഫീസിൽ ഈ ദുരവസ്ഥ. സ്ഥല പരിമിതി മൂലം വർഷങ്ങൾക്കു മുമ്പ് പുതിയൊരു കെട്ടിടം കൂടി നിർമിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടില്ല. കേടായ ഉപകരണങ്ങളും പഴയ രേഖകളും ഓഫീസിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. മൂന്ന് വില്ലേജുകൾക്കായുള്ള ഓഫീസിൽ ദിവസേന നിരവധി പേരാണ് എത്തുന്നത്. എന്നാൽ ഉപകരണങ്ങളുടെ അഭാവത്തിൽ ഓരോ രേഖകളും തയ്യാറാക്കാൻ ദിവസങ്ങളാണ് വേണ്ടിവരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഓഫീസിൽ ലഭ്യമാക്കി രേഖകൾക്കായി അലയേണ്ടിവരുന്ന നാട്ടുകാരുടെ ദുരവസ്ഥ പരിഹരിക്കണമെന്നാണ് ആവശ്യം.