Untitled design - 1

മരിച്ച ജസീല(ഇടത്), അറസ്റ്റിലായ ആയിഷ∙(വലത്)

TOPICS COVERED

മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പൊലീസ് ചോദ്യംചെയ്തതിനു പിന്നാലെ പൊലീസിനും ഭർതൃവീട്ടുകാർക്കും അയൽവീട്ടുകാർക്കുമെതിരെ വിഡിയോ മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്തശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിലെ വ്യാജ പരാതിക്കാരി അറസ്റ്റില്‍. അയല്‍വാസി പൊവ്വല്‍ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും. മോഷണക്കുറ്റം ആരോപിച്ച വിഷമത്തിലാണ് ജസീല മരിച്ചത്

 

കാസര്‍കോട് ആലംപാടി നാൽത്തടുക്കയിലെ നബീസത്ത് ജസീലയാണ് (24) കഴിഞ്ഞ മാസം ജീവനൊടുക്കിയത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം വിദ്യാനഗർ പൊലീസിനു പരാതി നൽകിയിരുന്നു. വിഷം കഴിച്ച ജസീല ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

 

Also Read: 'മരിച്ചിട്ടായാലും എന്‍റെ സത്യം തെളിയണം'! മോഷണക്കുറ്റത്തില്‍ പൊട്ടിക്കരഞ്ഞ് ജസീല; പിന്നാലെ ജീവനൊടുക്കി

 

ഭർത്താവിന്റെ ബോവിക്കാനം പൊവ്വലിലെ വീടിനു സമീപത്തെ വീട്ടിൽനിന്നു ഒൻപതര പവൻ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാർ ജസീലയ്ക്കെതിരെ ആദൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ജസീലയെ ചോദ്യം ചെയ്തെങ്കിലും ജസീല പരാതി നിഷേധിച്ചു. പരാതി നൽകിയ അയൽവാസിയും ജസീലയുടെ ഭർതൃവീട്ടുകാരും ജസീലയുടെ വീട്ടിലെത്തി ഇതേച്ചൊല്ലി പ്രശ്നമുണ്ടാക്കി. ഇതിനു പിന്നാലെയാണു യുവതി വിഷം കഴിച്ചത്. 

 

താൻ മാനസികസംഘർഷം അനുഭവിക്കുന്നതായും മോഷ്ടിച്ചിട്ടില്ലെന്നും കരഞ്ഞുകൊണ്ടു ജസീല വിഡിയോയിൽ പറഞ്ഞു. ഇവരുടെ മരണമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി.   ‘ചെയ്യാത്ത തെറ്റിന്റെ പേരിൽ ഞാൻ കുറെ അനുഭവിക്കുന്നുണ്ട്. എന്റെ സത്യം ആരും വിശ്വസിക്കുന്നില്ല. പരാതി കൊടുക്കാൻ പൊലീസ് സമ്മതിക്കുന്നില്ല. എന്റെ ഭാഗത്താണു തെറ്റെന്ന് പറഞ്ഞ് അവർ റിട്ടൺ കംപ്ലെയ്ന്റ് വാങ്ങുന്നില്ല’– വിഡിയോയിൽ ജസീല പറയുന്നു. 

 

സുഹൃത്തിന്റെ മാതാവിന്റെ കാണാതായ സ്വർണം താനെടുത്തെന്ന് അവർ ആരോപിക്കുന്നതായും സ്വർണമുള്ളതായി പോലും തനിക്ക് അറിയില്ലെന്നും ജസീല പറയുന്നു. തന്റെ മരണത്തിന് അവരാണ് ഉത്തരവാദികളെന്നും ജസീല വിഡിയോയിൽ പറയുന്നുണ്ട്. നാൽത്തടുക്കയിലെ ജലീലിന്റെയും മുംതാസിന്റെയും മകളാണ് ജസീല. ഭർത്താവ് അമീർ വിദേശത്താണ്. 

ENGLISH SUMMARY:

A woman committed suicide after being accused of theft. The neighbor who filed the false complaint has now been arrested, facing charges of abetment to suicide.