അനാസ്ഥയുടെ അടയാളമായി കാസർകോട് പടന്ന കടപ്പുറത്തെ ഉപേക്ഷിക്കപ്പെട്ട തൂക്കുപാലം. പത്തുവർഷം മുമ്പ് പാതിവഴിയിൽ നിർമ്മാണം നിലച്ച തെക്കെക്കാട്-പടന്നക്കടപ്പുറം തൂക്കുപാലത്തിന്റ അവശിഷ്ടങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ബദലായി പ്രഖ്യാപിച്ച റോഡുപാലത്തിന്റെ കാര്യത്തിലും പുരോഗതിയില്ല.
10 വർഷമായി കവ്വായി കായലിൽ തൂണുകളെ ബന്ധിപ്പിച്ച രണ്ട് ഇരുമ്പ് കമ്പികൾ തൂങ്ങി ആടുകയാണ്. തെക്കെക്കാട്-പടന്നക്കടപ്പുറം തൂക്കുപാലത്തിന്റെ അവശേഷിപ്പുകളാണ്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് മുക്കാൽ ഭാഗവും പൂർത്തിയാക്കിയ പദ്ധതിയാണ് ഉപേക്ഷിക്കപ്പെട്ടത്. അയൽ പ്രദേശമായ മാടക്കാലിലെ തൂക്കുപാലം ഉദ്ഘാടനം കഴിഞ്ഞ് 58 ദിവസത്തിനുള്ളിൽ തകർന്നു വീണതോടെയാണ്, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഈ പാലത്തിന്റെ നിർമ്മാണവും നിർത്തിവെച്ചത്. പാലം ഉപേക്ഷിച്ചെങ്കിലും, ഇതിനായി എത്തിച്ച ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന നിർമ്മാണ സാമഗ്രികൾ കായലിലും കരയിലുമായി തുരുമ്പെടുക്കുകയാണ്. തൂക്കുപാലത്തിന് ബദലായി റോഡ് പാലം പ്രഖ്യാപിച്ചെങ്കിലും പുരോഗതിയും ഇല്ല.
വലിയപറമ്പ് പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത് പടന്ന കടപ്പുറത്താണ്. വാഹന ഗതാഗതം ഉള്ള പാലം യാഥാർത്ഥ്യമാകാത്തതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ദുരിതത്തിലാണ്. റോഡ്പാലം നിർമ്മിക്കുന്നതിനും, തുരുമ്പെടുക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നീക്കുന്നതിനും നടപടി വേണമെന്നാണ് ആവശ്യം.