സുരക്ഷയ്ക്കായി വീട്ടിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് പതിവാണ് എന്നാൽ ഒരു നാട് മുഴുവൻ ക്യാമറ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. കാസർകോട് നീലമ്പത്താണ് നാടുമുഴുവൻ ക്യാമറ സ്ഥാപിക്കുന്നത്. ലൈവ് നീലമ്പമെന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദ്യ ബാച്ച് ക്യാമറകൾ സ്ഥാപിച്ചു.
തൃക്കരിപ്പൂർ നിലമ്പത്ത് ഒരു നാട് മുഴുവൻ 24 മണിക്കൂറും ലൈവാണ്. നാടിൻറെ സുരക്ഷയ്ക്കായി വിവിധ ഇടങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിച്ചിരിക്കുകയാണ്. ലൈവ് നീലമ്പം എന്ന കൂട്ടായ്മയാണ് ക്യാമറ സ്ഥാപിക്കുന്നതിന് പിന്നിൽ. ഇടയ്ക്കിടെയുള്ള ചെറിയ അപകടങ്ങളും മോഷണങ്ങളും മാലിന്യം വലിച്ചെറിയുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടം എന്ന നിലയിൽ 5 ക്യാമറകൾ സ്ഥാപിച്ചു. അടുത്തഘട്ടത്തിൽ 5 ക്യാമറകൾ കൂടി സ്ഥാപിക്കും. നാട്ടിലും വിദേശത്തുമുള്ള ആളുകളുടെ സാമ്പത്തിക സഹായത്തിലാണ് പ്രവർത്തനം.
10 വർഷം മുമ്പാണ് ലൈവ് നീലമ്പത്തിന്‍റെ തുടക്കം. നാട്ടിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ മുൻകൈയെടുത്ത സംഘടന പിന്നീട് സജീവ ജീവകാരുണ്യ പ്രവർത്തനത്തിലേക്കും കടന്നിരുന്നു. വയോജനങ്ങൾക്ക് സമയം ചിലവഴിക്കാൻ സ്ഥലം ഉൾപ്പെടെ സംഘടന ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. പിന്നാലെയാണ് നാടിന്‍റെ സുരക്ഷയ്ക്കായി കൂട്ടായ്മയുടെ പേര് അന്വർധമാക്കുന്ന പദ്ധതിയിലേക്കും അംഗങ്ങൾ തിരിഞ്ഞത്.