ബോധവൽക്കരണ ക്ലാസുകൾക്ക് അപ്പുറം കുട്ടികളിലെ അമിത ഫോൺ ഉപയോഗത്തിനെതിരെ സിനിമയെടുത്ത് കാസർകോട് ജില്ലാ പഞ്ചായത്ത്. പച്ച തെയ്യം എന്ന പേരിട്ടിരിക്കുന്ന സിനിമ സെൻസർഷിപ്പ് പൂർത്തിയാക്കി വൈകാതെ സ്കൂളുകളിൽ പ്രദർശനത്തിന് എത്തും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് കുട്ടികൾക്കായി മുഴുനീള സിനിമ നിർമ്മിക്കുന്നത്
കളിച്ചു നടക്കേണ്ട പ്രായത്തിൽ മൊബൈൽ ഫോണിൻറെ മായാലോകത്ത് വീണു ദുരന്തങ്ങളിലേക്ക് നീങ്ങുന്ന ബാല്യങ്ങളെ ലക്ഷ്യമാക്കിയാണ് കാസർകോട് ജില്ലാ പഞ്ചായത്ത് സിനിമ പുറത്തിറക്കുന്നത്. പച്ച തെയ്യം എന്ന പേരിൽ ഒരു മണിക്കൂറും 9 മിനിറ്റുമുള്ള സിനിമയിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളാണ് അഭിനയിക്കുന്നത്.
മാതാപിതാക്കളുടെ വിലക്കുമൂലം മറ്റു കുട്ടികൾക്കൊപ്പം കളിക്കാതെ ഫോൺ ഗെയിമുകളിലേക്ക് തിരിയുന്ന വൈഷ്ണവ് എന്ന വിദ്യാർത്ഥിയും, പിന്നീട് ഗെയിമിലെ നിർദ്ദേശാനുസരണം സ്കൂൾ ജീവനക്കാരനെ ആക്രമിക്കുന്നതുമാണ് സിനിമയുടെ ഉള്ളടക്കം. കുട്ടിയുടെ ജീവിതത്തിൽ പച്ച തെയ്യം ചെലുത്തുന്ന സ്വാധീനവും സിനിമയിൽ കാണാം.
കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ മാത്രം പോരാ അതിനപ്പുറം അവരെ ബോധവൽക്കരിക്കാൻ സിനിമയടക്കമുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന്, ചിത്രത്തിൻറെ നിർമ്മാതാക്കളായ ജില്ലാ പഞ്ചായത്ത്.
ഗോപി കുറ്റിക്കോൽ സംവിധാനം ചെയ്ത സിനിമയിൽ അനൂപ് ചന്ദ്രൻ, ഉണ്ണി രാജ് ചെറുവത്തൂർ എന്നീ സിനിമ താരങ്ങളും 25 ഓളം കുട്ടികളും അഭിനയിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പണം മുടക്കിയപ്പോൾ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം വാങ്ങാതെയാണ് ചിത്രം യാഥാർത്ഥ്യമാക്കിയത്. സെൻസർഷിപ്പ് പൂർത്തിയായ ചിത്രം വൈകാതെ തിയറ്റുകളിലും സ്കൂളുകളിലും പ്രദർശനത്തിന് എത്തും.