mammootty-adoor

വിശ്രുത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യാന്‍ അടൂര്‍ സമ്മതം മൂളി. കഥയും തിരക്കഥയുമൊക്കെ തയാറായെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ പ്രഖ്യാപനവേളയില്‍ മുഖ്യാതിഥിയായി മമ്മൂട്ടി തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു അടൂരുമായുള്ള കൂടിക്കാഴ്ച. നടന്‍ മധുവിനെ  കണ്ണമൂലയിലെ വീട്ടിലെത്തി കണ്ട മമ്മൂട്ടി അടൂരിനെയും സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് സിനിമ നിര്‍മിക്കാനുള്ള താല്‍പര്യം അറിയിച്ചത്.

adoor-mamootty

ഫയല്‍ ചിത്രം (2016)

ചര്‍ച്ചകള്‍ ഇനിയും തുടരും

മമ്മൂട്ടിക്കമ്പനി പുതിയ ചിത്രത്തെക്കുറിച്ച് അടൂരുമായി ആശയവിനിമയം നടത്തിയെന്നത് ശരിയാണ്. അദ്ദേഹം അനുകൂല മറുപടിയും നല്‍കി. ബാക്കി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനിരിക്കുന്നതേയുള്ളൂ. സിനിമയുടെ പ്രമേയം, സ്വഭാവം തുടങ്ങിയവയൊക്കെ തീരുമാനിക്കേണ്ടിയിരിക്കുന്നു’- അടൂരിന്‍റെ ടീമംഗങ്ങളിലൊരാള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മലയാളത്തിലെ പ്രശസ്തമായ നോവലിന്‍റെ സിനിമാ രൂപാന്തരണമാണെന്ന ഊഹങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

mathilukal-adoor-mammootty

ഫയല്‍ ചിത്രം/ മതിലുകള്‍ ലൊക്കേഷന്‍

1987 ല്‍ പുറത്തിറങ്ങിയ അനന്തരത്തിലാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ശബ്ദമിശ്രണത്തിനുമുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രമാണ് അനന്തരം. 1990 ല്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ മതിലുകള്‍ സിനിമയായപ്പോള്‍ ബഷീറായി മമ്മൂട്ടിയെത്തി. മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിക്കും മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് അടൂരിനും മതിലുകള്‍ നേടിക്കൊടുത്തു. 1993 ല്‍ സക്കറിയയുടെ ‘ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും’ എന്ന നോവല്‍ വിധേയന്‍ എന്നപേരില്‍ സിനിമയായപ്പോഴും പട്ടേലരായി അടൂര്‍ നിശ്ചയിച്ചത് മമ്മൂട്ടിയെ. ദേശീയതലത്തില്‍ വീണ്ടും മികച്ച നടനായി മമ്മൂട്ടി.

മമ്മൂട്ടിയുടെ മൂന്നു ദേശീയ അവാര്‍ഡ് നേട്ടങ്ങളില്‍ രണ്ടിലും അടൂരിന്‍റെ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവെന്നതാണ് ശ്രദ്ധേയം. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ് ഡോ. ബാബാ സാഹേബ് അംബേദ്‌കര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിക്ക് മൂന്നാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്. അങ്ങനെ 32 വര്‍ഷത്തിനുശേഷമാണ് അടൂരും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. മമ്മൂട്ടിയുടെ ആരാധകരും അദ്ദേഹത്തിന്‍റെ കാണാത്ത വേഷപ്പകര്‍ച്ച കാത്തിരിക്കുന്നു.

adoor-mamootty-file

ഫയല്‍ ചിത്രം

2016 ല്‍ ‘പിന്നെയും’ എന്ന ചിത്രം പുറത്തിറങ്ങിയശേഷം നീണ്ട മൗനത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. പതിറ്റാണ്ടത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും അടൂര്‍ ക്യാമറയ്ക്ക് പിന്നില്‍ എത്തുന്നത്. ഏറെ നാളായി എഴുത്തിലും വായനയിലുമാണ് അടൂരിന്‍റെ ശ്രദ്ധ. അക്കൂട്ടത്തില്‍ ഈ സിനിമയും ഉള്‍പ്പെടുമെന്ന് കരുതുന്നവരാണേറെ. അടൂരും മമ്മൂട്ടിയും ഒന്നിച്ചപ്പോഴൊക്കെ ആ സൃഷ്ടികള്‍ ദേശീയ തലത്തില്‍ മാത്രമല്ല, രാജ്യാന്തര തലത്തില്‍തന്നെ ശ്രദ്ധനേടി. അനന്തരം, മതിലുകള്‍, വിധേയന്‍... ഈ പട്ടികയില്‍ അടുത്ത് പേര് എന്താകും? കാത്തിരിക്കാം.

ENGLISH SUMMARY:

Master filmmaker Adoor Gopalakrishnan has agreed to direct a new film produced by Mammootty Kampany, marking their reunion after 32 years since Vidheyan (1993). The collaboration was finalized during Mammootty’s recent visit to Adoor in Thiruvananthapuram. Though the plot details are undisclosed (amid speculation it might be a novel adaptation), the pairing is highly anticipated, given their history of critically acclaimed films like Anantharam (1987) and Mathilukal (1990). Two of Mammootty's three National Awards for Best Actor came from Adoor's films. Adoor, who last directed Pinneyum in 2016, will return to filmmaking after a long hiatus.