ലോകകപ്പിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ഈഡന്‍ഗാര്‍ഡന്‍സില്‍ ഇന്ത്യയ്ക്കായി ഒരു 'രക്ഷകന്‍' അവതരിച്ചു! മുന്നില്‍ നയിച്ച പോരാളി, ജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായി മാറിയിരിക്കുന്നത് ഒറ്റപ്പേരാണ് സഞ്ജു സാംസണ്‍. കേരളക്കരയുടെ ചേട്ടനെ രാജ്യമൊന്നാകെ ഏറ്റെടുത്തിരിക്കുകയാണ്'. വെസ്റ്റിൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു, 50 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ഇന്ത്യ സെമിയില്‍ കടന്നതോടെ സമസ്ത മേഖലകളില്‍ നിന്നും സഞ്ജുവിന് പ്രശംസ ഒഴുകുകയാണ്. താരത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റ് പങ്കുവച്ചു. 'നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആർക്കും തളർത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,' മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. 'കാവ്യനീതി, ചെക്കൻ തീയാടാ' എന്ന് എം.എം.മണി. 'അല്ലെങ്കിലും വീഴ്ചകളിൽ തകർന്ന് പോയോ, തളർന്നിരുന്നോ ശീലമുള്ളവരല്ലല്ലോ മലയാളികൾ. രാജ്യത്തിന് വേണ്ടി ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സഞ്ജുവിന് കഴിയട്ടെ,' എന്ന് കെ.കെ.ശൈലജ.
'ഈ വലിയ വേദിയില്‍ സധൈര്യമുള്ള പ്രസ്താവന' എന്നാണ് സഞ്ജുവിന്‍റെ ഇന്നിങ്സിനെ മമ്മൂട്ടി വിശേഷിപ്പിച്ചത്. 'അദ്ദേഹത്തിന്‍റെ കഴിവിന്‍റെ അളവിനെ വെളിവാക്കിയ മാസ്റ്റര്‍ക്ലാസ് ഇന്നിങ്സെ'ന്ന് മോഹന്‍ലാല്‍. ആവേശത്തിലെ രംഗണ്ണനാക്കി സഞ്ജുവിന്‍റെ എഡിറ്റ് ചെയ്ത ചിത്രം പങ്കുവച്ച് 'ചേട്ടന്‍ അടിപൊളി' എന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് സോഷ്യല്‍ മീഡിയ പേജ്.
പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ബേസില്‍ ജോസഫ് തുടങ്ങി നിരവധി പേരാണ് സഞ്ജുവിനെ പ്രശംസിച്ചത്. ആഷിക് അബു ചിത്രം 'റൈഫിള്‍ ക്ലബ്ബിലെ' വിജയ രാഘവന്‍റെ രംഗത്തിലെ ഡയലോഗും ഇന്നലെ ട്രെന്‍ഡായി, 'സത്യം പറ ചേട്ടായി, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ', സഞ്ജുവിന്‍റെ ചിത്രത്തിനൊപ്പം ഈ ഡയലോഗും ഇന്നലെ വൈറലായി.
മത്സരശേഷം തന്‍റെ ക്യാപ് ഊരി സഞ്ജുവിന് മുന്നില്‍ വണങ്ങി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. നല്ല മനുഷ്യർക്ക് നല്ലത് സംഭവിക്കുമെന്നും സഞ്ജുവിന്റെ കഠിനാധ്വാനത്തിന് ലഭിച്ച ഫലമാണിതെന്നുമായിരുന്നു സൂര്യകുമാറിന്‍റെ പ്രതികരണം. സൂര്യകുമാര്‍ സഞ്ജുവിന്‍റെ പേര് പറഞ്ഞപ്പോള്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിയത് വലിയ ആരവമായിരുന്നു.
മാച്ചിന് ശേഷം വികാരാധീനനായിട്ടായിരുന്നു സഞ്ജു പ്രതികരിച്ചത്. അവസാന പന്തില്‍ ഫോര്‍ പായിച്ച് ഇന്ത്യയെ ജയിപ്പിച്ച ശേഷം വികാരാധീനനായ സഞ്‍ജു പിച്ചില്‍ മുട്ടുകള്‍ കുത്തി, ഹെൽമറ്റ് അഴിച്ചുമാറ്റി രണ്ടു കൈയും ഉയർത്തി ആകാശത്തേക്ക് നോക്കി. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്നാണിത്. ഈയൊരു ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നതെന്ന് പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം സഞ്ജു പറഞ്ഞു.