കാസർകോട് ജനറൽ ആശുപത്രിയിലെ ടി.ബി യൂണിറ്റ് മാറ്റി സ്ഥാപിച്ചത് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ. പ്ലാസ്റ്റിക് ഷീറ്റിന് കീഴിൽ തകർന്ന വീഴാറായ കെട്ടിടത്തിൽ ഭയപ്പാടോടെയാണ് രോഗികളും ജീവനക്കാരും കഴിയുന്നത്. യൂണിറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിക്കുകയും, പുതിയ കെട്ടിടം പണി പൂർത്തിയാകാതെ വന്നതോടെയുമാണ് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്ക് യൂണിറ്റ് മാറ്റി സ്ഥാപിച്ചത്.
കാസർകോട് നഗരത്തിൽ പ്രവർത്തിക്കുന്ന ജനറൽ ആശുപത്രി. പുറത്തു നിന്ന് നോക്കുമ്പോൾ പുതിയ കെട്ടിടങ്ങൾ മാത്രം. എന്നാൽ ആശുപത്രി കോമ്പൗണ്ടിന്‍റെ ഏറ്റവും പുറകിലായി ഒളിഞ്ഞിരിക്കുന്ന ഒരു ഷീറ്റ് കൂടാരമുണ്ട്. ഉപേക്ഷിക്കപ്പെട്ട കെട്ടിടമെന്ന് വെണ്ടക്ക അക്ഷരത്തിൽ എഴുതി വച്ചിരിക്കുന്നു. പക്ഷേ ശരിക്കും ഈ കെട്ടിടം ഉപേക്ഷിക്കാൻ ആശുപത്രി തയ്യാറല്ല. സൂക്ഷിച്ചു നോക്കിയാൽ ടി.ബി യൂണിറ്റ് എന്ന ബോർഡും കാണും. അതെ തകർന്നുവീഴാറായി ഉപേക്ഷിക്കപ്പെട്ട ഈ കെട്ടിടത്തിലാണ് ജനറൽ ആശുപത്രിയിലെ ടി.ബി യൂണിറ്റ് പ്രവർത്തിക്കുന്നത്.
പാർക്കിംഗ് സ്ഥലത്തിനായി മുൻപ് യൂണിറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം തകർത്തു. പുതിയ കെട്ടിട നിർമ്മാണം എങ്ങും എത്തിയില്ല. ഇതോടെയാണ് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനകത്തേക്ക് യൂണിറ്റ് മാറ്റിയത്. ഓടിട്ട കെട്ടിടം ചോർന്നൊലിച്ചതോടെ ടാർപോളിൻ ഷീറ്റ് വിരിച്ചു. ഉള്ളിലെ സീലിംഗ് ഉൾപ്പെടെ തകർന്നു വീണു. ഭിത്തി വിണ്ടു കീറി. ജീവനക്കാരുടെയും രോഗികളുടെയും ജീവന് പുല്ലുവിലകൽപ്പിച്ചാണ് പ്രവർത്തനം.
തൂണ് ഓടിനെ താങ്ങുകയാണോ, അതോ ഓടിൽ തൂണ് തൂക്കിയിട്ടിരിക്കുകയാണോ എന്ന് സംശയം തോന്നും. ഫിസിക്കൽ റിഹാബിലിറ്റേഷൻ സെൻറർലേക്കും ഡ്രഗ് സ്റ്റോറിലേക്കും പോകുന്നവർ ഇതിനടിയിലൂടെ ജീവൻ പണയം വെച്ച് യാത്ര ചെയ്യണം. മറുഭാഗത്ത് രോഗികൾക്കും ജീവനക്കാർക്കും കൂട്ടിനായി തെരുവുനായ കൂട്ടങ്ങളും ആശുപത്രിയിലുണ്ട്.