ksu-case

കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ കെഎസ്‌യു പ്രവവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സംഘംചേര്‍ന്ന് ആയുധം ഉപയോഗിച്ച് കഴുത്തില്‍ ആക്രമിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരാണ് പ്രതികള്‍. വീണാ ജോര്‍ജിന്റെ കഴുത്തിനാണ് ക്ഷതമേറ്റതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.  എംആര്‍ഐ സ്കാനിങ് അടക്കം വിദഗ്ധ പരിശോധന വേണം. വിദഗ്ധസമിതിയാണ് മന്ത്രിയെ പരിശോധിക്കുന്നത് . 

 

കണ്ണൂരിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറാനായി ആരോഗ്യമന്ത്രി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു കെ എസ് യു പ്രതിഷേധം. കരിങ്കൊടി കാണിക്കാനെത്തിയ  സമരക്കാരെ പൊലീസ് ബലമായി പിടിച്ചുനീക്കുന്നതും, ഇതിനിടയില്‍  മന്ത്രി  സമരക്കാര്‍ക്കെതിരെ ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട് . കഴുത്തിലും കയ്യിലും പരുക്കേറ്റെന്നും പ്രതിഷേധക്കാര്‍ മര്‍ദിച്ചതാണെന്നും വീണ ജോര്‍ജ് പറഞ്ഞു. ഒരു കൂട്ടം അക്രമികളുടെ വിളയാട്ടമാണ് നടന്നതെന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രി. പുറത്തുവന്ന ദൃശ്യങ്ങളില്‍ ആക്രമണം നടന്നതായി കാണുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റ പ്രതികരണം . മന്ത്രിയെ പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്ന്  ഒപ്പമുണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ആരോപിച്ചു. കയ്യിലും കഴുത്തിലും പരുക്കേറ്റ മന്ത്രിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Also read: കെഎസ്‌യുവിന്റെ നാളുകൾ എണ്ണപ്പെട്ടു; തിരിച്ചടിക്കും; താക്കീതുമായി ഡിവൈഎഫ്ഐയും സിപിഎമ്മും

 

പിന്നാലെ മുഖ്യമന്ത്രിയടക്കമുള്ള സി പി എം  നേതാക്കള്‍ ഒന്നടക്കം ആശുപത്രിയിലെത്തി. പിന്നാലെ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റ നേതൃത്വത്തില്‍ നഗരത്തില്‍  പ്രതിഷേധ പ്രകടനം നടന്നു. ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്നും മറിച്ചാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ  നടപടിയുണ്ടാകുമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. 

ആരോഗ്യവകുപ്പിനെതിരെ തുടര്‍ച്ചയായുണ്ടായ പരാതികളില്‍ പ്രതിരോധത്തിലായിപ്പോയ എല്‍ ഡി എഫിന് വീണുകിട്ടിയ ആയുധമായി കണ്ണൂരിലെ  കെ എസ് യു പ്രതിഷേധം 

 

അക്രമത്തില്‍ സംസ്ഥാനത്താകെ പ്രതിഷേധം അരങ്ങേറി. സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. പലയിടത്തും പ്രതിഷേധക്കാര്‍ പുതുയുഗയാത്ര ഫ്ലക്സുകള്‍ തകര്‍ത്തു. കണ്ണൂരില്‍ എസ്എഫ്ഐ ഡിസിസി ഓഫിസ് മാര്‍ച്ചില്‍ കല്ലേറും സംഘര്‍ഷവുമുണ്ടായി. 

 

കണ്ണൂരില്‍ എസ്എഫ്ഐ മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ ഡിസിസി ഓഫിസ് ആക്രമിച്ചു. ഓഫിസിന് നേരെ കല്ലെറിഞ്ഞു. ഓഫിസിലുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയതോടെ സംഘര്‍ഷം ഉടലെടുത്തു.  തിരുവനന്തപുരത്ത് പന്തംകൊളുത്തി പ്രകടനവുമായെത്തിയ ഡിവൈഎഫ്ഐക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവിന്റെ കോലം കത്തിച്ചു.

 

ആലപ്പുഴയില്‍ പ്രതിഷേധത്തിനിടെ സിപിഎമ്മുകാര്‍  പുതുയുഗയാത്ര ഫ്ലക്സ് തകര്‍ത്തത് സംഘര്‍ഷത്തിനിടയാക്കി.  അമ്പലപ്പുഴയിലും കരുമാടിയിലും പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ വന്നു.  ഹരിപ്പാട്ടും കാഞ്ഞിരപ്പള്ളിയിലും  തിരുവല്ലയിലും പുതുയുഗയാത്രയുടെ ബാനറുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. സിപിഎമ്മിന്റെ പ്രതിഷേധത്തിനിടെ അടൂരില്‍ കെഎസ്‌യുവിന്‍റെ കൊടിമരം തകര്‍ത്തു. 

കണ്ണൂര്‍ നഗരത്തിലും കോഴിക്കോടും സിപിഎമ്മിന്‍റെ വന്‍ പ്രകടനം നടന്നു.  കൊല്ലത്ത് പ്രതിഷേധമാര്‍ച്ച് നയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനായിരുന്നു. കോട്ടയത്തും കോഴിക്കോട് മുക്കത്തും കാസര്‍‍കോടും വ്യാപകമായി  യുഡിഎഫ് യാത്രയുടെ ബോര്‍ഡുകള്‍  നശിപ്പിച്ചു. 

 

മന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായി ചിത്രീകരിച്ച്  രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി രംഗത്തെത്തി. ഉത്തരവാദിത്തതോടെ പ്രവര്‍ത്തിക്കുന്ന പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് മന്ത്രിക്ക് നേരെ അക്രമം നടന്നതെന്നും എം.എ ബേബി ചൂണ്ടിക്കാട്ടി. 

 

ഇതിനിടെ റെയില്‍വേ  സ്റ്റേഷനിലെ  സിസിടിവി ദൃശ്യം പുറത്തുവിടണമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. പ്രതിഷേധിച്ചത് നാലോ അഞ്ചോ കെഎസ്‌യുക്കാരാണെന്നും രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമെന്നും അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു. ദൃശ്യം കണ്ടിട്ട് ആക്രമിച്ചെന്ന് പറയാനാവില്ലെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.  പ്രവര്‍ത്തകര്‍ മന്ത്രിയുടെ അരികിലേക്ക് പോലും എത്തിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

 

കണ്ണൂരില്‍  കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.  സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേയ്ക്ക് പ്രകടനം നടത്താന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.  രോഷാകുലരായ പ്രവര്‍ത്തകരെ  കെ.സുധാകരന്‍ എത്തിയാണ് പിന്തിരിപ്പിച്ചത്. ആരോഗ്യമന്ത്രിയുടേത് നാട്യമെന്ന് കെ.സുധാകരന്‍ ആരോപിച്ചു

 

പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രയുടെ സംഘാടക സമിതി ഓഫിസിന്റെ ബാനറുകളും ഫ്ളക്സും തകർത്തതിൽ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ചായി എത്തി. കെ.എസ്.ആര്‍.ടി.സി ബസില്‍ പതിപ്പിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഫ്ളക്സില്‍ പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. ആറ്റിങ്ങല്‍, പാറശ്ശാല, കാട്ടാക്കട എന്നിവിടങ്ങളില്‍ പുതുയുഗ യാത്രയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നെയ്യാറ്റിന്‍കരയില്‍ ദേശീയപാത ഉപരോധിച്ച കോണ്‍ഗ്രസുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ENGLISH SUMMARY:

Minister attack Kerala concerns the alleged assault on Health Minister Veena George during a KSU protest in Kannur. The incident has sparked widespread political reactions and counter-protests across Kerala.