cpm-protest

കണ്ണൂരില്‍ കെ എസ് യു നടത്തിയ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരുക്കേറ്റതിനു പിന്നാല്‍ സംസ്ഥാവ്യാപകമായി സിപിഎം പ്രതിഷേധം. കണ്ണൂര്‍ നഗരത്തില്‍ സിപിഎമ്മിന്‍റെ വന്‍ പ്രകടനം നടന്നു. കഴുത്തിലും കയ്യിലും പരുക്കേറ്റെന്നും പ്രതിഷേധക്കാര്‍ മര്‍ദിച്ചതാണെന്നും വീണ ജോര്‍ജ് പറഞ്ഞു. ഒരു കൂട്ടം അക്രമികളുടെ വിളയാട്ടമാണ് നടന്നതെന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. 

 

എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ ആക്രമണം നടന്നതായി കാണുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റ പ്രതികരണം . ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്നും മറിച്ചാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ  നടപടിയുണ്ടാകുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

 

Also Read: ‘ഞങ്ങൾ ഇതുപോലെ പ്രതികരിച്ചാൽ നിങ്ങൾ താങ്ങില്ല’; വി.ശിവന്‍കുട്ടിയുടെ മുന്നറിയിപ്പ്

കണ്ണൂരിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറാനായി ആരോഗ്യമന്ത്രി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു കെ എസ് യു പ്രതിഷേധം. കരിങ്കൊടി കാണിക്കാനെത്തിയ  സമരക്കാരെ പൊലീസ് ബലമായി പിടിച്ചുനീക്കുന്നതും, ഇതിനിടയില്‍  മന്ത്രി  സമരക്കാര്‍ക്കെതിരെ ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട് . മന്ത്രിയെ പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്ന്  ഒപ്പമുണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു .കയ്യിലും കഴുത്തിലും പരുക്കേറ്റ മന്ത്രിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

പിന്നാലെ മുഖ്യമന്ത്രിയടക്കമുള്ള സി പി എം  നേതാക്കള്‍ ഒന്നടക്കം ആശുപത്രിയിലെത്തി . പിന്നാലെ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റ നേതൃത്വത്തില്‍ നഗരത്തില്‍  പ്രതിഷേധ പ്രകടനം നടന്നു. 

 

ആരോഗ്യവകുപ്പിനെതിരെ തുടര്‍ച്ചയായുണ്ടായ പരാതികളില്‍ പ്രതിരോധത്തിലായിപ്പോയ എല്‍ ഡി എഫിന് വീണുകിട്ടിയ ആയുധമായി കണ്ണൂരിലെ  കെ എസ് യു പ്രതിഷേധം . 

വി.ഡി.സതീശന്‍റെ ആഹ്വാനപ്രകാരമാണ് ആക്രമണം നടന്നതെന്ന് പി.ജയരാജനും യൂത്ത് കോണ്‍ഗ്രസിന്‍റേത് ക്രിമിനല്‍ സംഘമെന്ന് എം.വി ജയരാജനും പ്രതികരിച്ചു. മന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. മന്ത്രിയെ വകവരുത്തുകയായിരുന്നു ലക്ഷ്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. പ്രതിപക്ഷത്തിന് നിലതെറ്റിയെന്ന് മന്ത്രി പി.രാജീവ് വിമര്‍ശിച്ചു. കാഞ്ഞിരപ്പള്ളിയില്‍ സിപിഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പതാക കത്തിച്ചു. കെഎസ്‌‌യു അക്രമം പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശപ്രകാരമെന്നും അദ്ദേഹത്തിന്റെ  frustration തീർക്കാനുള്ളതല്ല കേരളമെന്നും വി. വസീഫ് ആഞ്ഞടിച്ചു. സതീശൻ കുട്ടിപ്പാളത്തെ നിയന്ത്രിച്ചിട്ടില്ലെങ്കിൽ സംയമനം പ്രതീക്ഷിക്കേണ്ടെന്നും വസീഫ് താക്കീത് നല്‍കി. അടൂരില്‍ കെഎസ്‌യുവിന്‍റെ കൊടിമരം തകര്‍ത്തു. കോട്ടയത്ത്  യുഡിഎഫ് പുതുയുഗ യാത്രയുടെ ബോര്‍ഡുകള്‍  നശിപ്പിച്ചു

 

ക്രിമിനലുകളെ കൈകാര്യം ചെയ്യുെമന്ന് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് അഫ്സല്‍ മുന്നറിയിപ്പ് നല്‍കി.  Z കാറ്റഗറി സുരക്ഷ ഒരുക്കിയാലും തിരിച്ചടിക്കും. ഇവരുടെ വീടും വഴിയും അറിയാമെന്നും 

മുഹമ്മദ് അഫ്സല്‍ പറഞ്ഞു. പാലക്കാട് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. കോൺഗ്രസ് പോസ്റ്ററുകൾ നശിപ്പിച്ചു. മന്ത്രിയെ തൊട്ട കെഎസ്‌യുവിന്റെ നാളുകൾ എണ്ണപ്പെട്ടെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തി. തിരുവല്ലയിൽ പ്രതിപക്ഷനേതാവിന്റെ യാത്രയുടെ ഫ്ലക്സും കൊടികളും സിപിഎം പ്രവര്‍ത്തകര്‍ തകർത്തു.  പുതുയുഗയാത്രയുടെ ഫ്ലക്സുകൾ വലിച്ചിഴച്ചു. അടൂരിൽ പ്രതിപക്ഷനേതാവിന്റെ യാത്രയുടെ ഫ്ലക്സും കൊടികളും തകർത്തു. 

 

അതേസമയം, റെയില്‍വേ  സ്റ്റേഷനിലെ  സിസിടിവി ദൃശ്യം പുറത്തുവിടണമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. പ്രതിഷേധിച്ചത് നാലോ അഞ്ചോ കെഎസ്‌യുക്കാരാണെന്നും രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. 

 

കണ്ണൂരിൽ വിവിധ ഇടങ്ങളിൽ രാവിലെ മുതല്‍ ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. ഇരിക്കൂരിലും, പയ്യാവൂരിലും തലശ്ശേരിയിലും ചാലോടും പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂര്‍ നഗരത്തിലും യൂത്ത് ലീഗ്  പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചു . കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടന പരിപാടിക്ക് വരുമ്പോഴും മടങ്ങുമ്പോഴുമാണ് പ്രതിഷേധമുണ്ടായത്

ENGLISH SUMMARY:

KS U's days are numbered, warns DYFI and CPM following an incident where Health Minister Veena George sustained injuries during a protest in Kannur. The CPM has launched statewide protests, with leaders alleging an attack on the minister and vowing retaliation against those responsible.