sivankutty-veena-george-attack

കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റതിന് പിന്നാലെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. പ്രതിഷേധക്കാര്‍ മര്‍ദിച്ചെന്ന വീണാ ജോര്‍ജിന്‍റെ ആരോപണത്തിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ പോസ്റ്റ് എത്തിയത്. ‘ഒരു കാര്യം ഓർക്കണം, ഞങ്ങൾ ഇതുപോലെ പ്രതികരിച്ചാൽ നിങ്ങൾക്കത് താങ്ങില്ല’ എന്നാണ് ശിവന്‍കുട്ടി തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചത്. 

മറ്റൊരു പോസ്റ്റില്‍ വീണാ ജോര്‍ജിന്‍റെ ചിത്രം പങ്കുവച്ച് ‘ഒപ്പമുണ്ട് സഖാവേ’ എന്നും ശിവന്‍കുട്ടി കുറിച്ചു. അതേസമയം, പ്രതിപക്ഷ നേതാവിന്റെ അറിവോടെയാണ് ആക്രമണമെന്ന് മന്ത്രി വി.ശിവൻകുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. മന്ത്രിയെ വകവരുത്തുകയായിരുന്നു ലക്ഷ്യം. ഈ മട്ടിലുള്ള പ്രതിഷേധം ജനാധിപത്യ മര്യാദകൾക്ക് ചേരാത്തതാണ്. ആസൂത്രിത ആക്രമണമെന്നും ശിവൻകുട്ടി പ്രതികരിച്ചു. 

അതിക്രൂരമായ കടന്നാക്രമണമെന്ന് എം.വി.ഗോവിന്ദനും പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുള്ള ഗൂഢാലോചനയാണിത്. ഇതിനെതിരെ കേരളത്തിലുടനീളം സിപിഎം പ്രതിഷേധിക്കുമെന്നും എം.വി.ഗോവിന്ദന്‍. മന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കമെന്ന് കെ.കെ.രാഗേഷ് ആരോപിച്ചു. വി.ഡി.സതീശന്‍റെ ആഹ്വാനമെന്ന് പി.ജയരാജന്‍.

പത്ത് വർഷം പൂർത്തിയാക്കുന്ന ഇടത് ഭരണത്തിനെതിരെ രാഷ്ട്രീയമായി ഒരു ആരോപണവും ഉന്നയിക്കാനില്ലാത്ത പ്രതിപക്ഷം പ്രതിഷേധത്തിന്‍റെ പേരിൽ അക്രമികളെ തെരുവിലിറക്കി മന്ത്രിമാരെ കൈയ്യേറ്റം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് കെ.കെ.ശൈലജ ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രതിപക്ഷത്തിന്‍റെ ഹീനമായ ഈ രാഷ്ട്രീയത്തെ ജനാധിപത്യ കേരളം തള്ളിക്കളയുമെന്നും ശൈലജ പറഞ്ഞു.

വൈകീട്ട് വീണാ ജോര്‍ജ് റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. മന്ത്രി ഒരുവശത്തുകൂടി കടന്നുപോകുമ്പോള്‍ മന്ത്രിക്കുനേരെ പ്രതിഷേധക്കാര്‍ തള്ളിക്കയറി വരികയായിരുന്നു. സംഘര്‍ഷത്തിനിടെ മന്ത്രിയുടെ കയ്യില്‍ മുറിവേറ്റു. കഴുത്തിലും പരുക്കുണ്ട്. നിലവില്‍ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ആശുപത്രിയിലെത്തി മന്ത്രിയെ കണ്ടു

ENGLISH SUMMARY:

Health Minister Veena George has been admitted to the ICU of Kannur District Hospital following injuries sustained during a KSU protest. Education Minister V. Sivankutty strongly condemned the attack, alleging it was a planned attempt to harm the minister and warned that a counter-response from the Left would be unbearable for the opposition. CPM State Secretary M.V. Govindan and other senior leaders accused Opposition Leader V.D. Satheesan of orchestrating the violence. The incident occurred at the Kannur railway station when protesters allegedly breached the security cordon, causing injuries to the minister’s hand and neck. Chief Minister Pinarayi Vijayan visited the hospital to assess her condition. The LDF has called for statewide protests against what they term as 'undemocratic criminal politics' by the UDF. Stay updated on the latest political developments and law and order situation in Kerala 2026.