പ്രചാരണ രീതികളെത്ര മാറിയാലും ചുവരെഴുത്തിന്‍റെ തട്ട് ഓരോ തിരഞ്ഞെടുപ്പുകാലത്തും താണുതന്നെയിരിക്കും. കണ്ണൂര്‍ ബക്കളത്തെ സുരേഷ് ഇക്കുറിയും ചുവരെഴുത്തിന്‍റെ തിരക്കാണ്. ഇടതു സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ചുമരെഴുതുന്നത് സുരേഷിന് ജോലി മാത്രമല്ല, രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്.
അര നൂറ്റാണ്ടിനോടടുക്കുന്നു സുരേഷിന്‍റെ ചുവരെഴുത്തു ജീവിതം. 1980 ല്‍ കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായിരുന്ന രാമണ്ണറൈക്കായി ചുവരെഴുതിത്തുടങ്ങിയ സുരേഷ് ഇന്ന് പി.കെ ശ്യാമളയ്ക്കുവേണ്ടിയും അതേ വിരലുകള്‍ ചലിപ്പിക്കുന്നു. പതിനഞ്ചാം വയസില്‍ തുടങ്ങിയ ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ സുരേഷിന്‍റെ ബ്രഷ് ചടയന്‍ ഗോവിന്ദനും, പാട്യം രാജനും എം.വി രാഘവനും എം.വി ഗോവിന്ദനും വരെ ചുവരെഴുതി.
ബോര്‍ഡുകളും നോട്ടീസുകളും ബാനറുകളുമൊക്കെയായി സജീവമാണ് സുരേഷ്. വെല്‍ഡിങ് തൊഴിലാളി കൂടിയായ സുരേഷിന് തിരഞ്ഞെടുപ്പ് കാലമെത്തിയാല്‍ പണിയായുധം മാറ്റിവെയ്ക്കുന്നതാണ് രീതി. ആ കൈകളില്‍ പിന്നെ ബ്രഷും പെയിന്‍റുമൊക്കെയാണ്.