പി.കെ.ശ്യാമളയുടെ സ്ഥാനാർഥിത്വം അടിച്ചേൽപ്പിച്ച് പാർട്ടിയെ വഞ്ചിച്ചത് എം.വി.ഗോവിന്ദൻ ആണെന്ന് പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ടി.കെ.ഗോവിന്ദൻ മനോരമ ന്യൂസിനോട്. സ്ഥാനാർഥിത്വത്തിൽ മുഖ്യമന്ത്രിയെ തെറ്റിധരിപ്പിതാണെന്നും ടി.കെ.ഗോവിന്ദൻ പറഞ്ഞു. ചരിത്രത്തിൽ ചില വഞ്ചകൻമാർ ഉണ്ടെന്ന് മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയായിരുന്നു ഗോവിന്ദന്‍റെ പ്രതികരണം.
ടി.കെ.ഗോവിന്ദന്‍ തളിപ്പറമ്പില്‍ പാര്‍ട്ടിക്കെതിരായി നിലപാടെടുക്കുമെന്ന് കരുതിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിമുഖത്തിൽ പറഞ്ഞത്. ചരിത്രത്തില്‍ ചില വഞ്ചകന്മാര്‍ ഉണ്ടായിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘തളിപ്പറമ്പില്‍ വനിതാസ്ഥാനാര്‍ഥി വേണമായിരുന്നു. അതിനു പറ്റിയതാരെന്ന് പരിശോധിച്ചു. അങ്ങനെ നോക്കിയപ്പോള്‍ പി.കെ.ശ്യാമളയാണ് നല്ല സ്ഥാനാര്‍ഥി. തളിപ്പറമ്പില്‍ ശ്യാമളയേക്കാള്‍ നല്ല വനിതാ സ്ഥാനാര്‍ഥിയില്ല. എം.വി.ഗോവിന്ദന്‍റെ ഭാര്യയാകുന്നതിന് മുമ്പേ അവര്‍ പാര്‍ട്ടിയിലുണ്ട്’– മുഖ്യമന്ത്രി പറഞ്ഞു. ടി.കെ.ഗോവിന്ദന്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍ക്കും തോന്നിയില്ലെന്നും വ്യക്തമാക്കി.
തളിപ്പറമ്പില്‍ പി.കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാന്‍ ഭര്‍ത്താവായ എം.വി.ഗോവിന്ദന്‍ ഗൂഡനീക്കങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ടി.കെ.ഗോവിന്ദന്‍ രംഗത്തെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി.ഗോവിന്ദൻ മത്സരത്തിൽനിന്നു മാറുന്നതോടെ തളിപ്പറമ്പിൽ പകരം മത്സരിക്കാമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ. ഗോവിന്ദൻ കരുതിയത്.
ഗോവിന്ദന്‍ കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്നും പാര്‍ട്ടിക്കെതിരെ മല്‍സരിക്കുന്നത് സംഘടനാവിരുദ്ധമാണെന്നും പറഞ്ഞ് പാര്‍ട്ടി ഗോവിന്ദനെ പുറത്താക്കുകയായിരുന്നു. പിന്നാലെ ഗോവിന്ദന്‍ തളിപ്പറമ്പില്‍ വിമതനായി മല്‍സരത്തിനിറങ്ങി. ഗോവിന്ദന് പിന്തുണയുമായി യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.