km-shaji-3

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി നിര്‍ദേശിച്ചതില്‍ ലീഗ് മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമെന്ന് മന്ത്രി കെ.എം.ഷാജി. മുഖ്യമന്ത്രി നിയമസഭയിൽ കൃത്യമായി നിലപാട് പറഞ്ഞു. എതിർപ്പ് ഉണ്ടായിരുന്നെങ്കിൽ നിയമസഭയിൽ വെച്ച് കുഞ്ഞാലിക്കുട്ടി ഇടപെടുമായിരുന്നു . മുന്നണിയിൽ ഒരു കക്ഷിക്കും എതിർപ്പില്ലെന്നും മന്ത്രി പറഞ്ഞു.

 

അതേസമയം, മദ്യനയം ചര്‍ച്ചചെയ്യാന്‍ യുഡിഎഫ് യോഗം വൈകാതെ ചേരും. വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യോഗം ചേരുന്നത് പരിഗണിക്കുന്നത്. അതേസമയം, വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതി നിര്‍ദേശം പിന്‍വലിക്കണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് മൂന്നുവര്‍ഷവും അഞ്ചുമാസവും അനങ്ങാതെയിരുന്ന ഫയലിലാണ് അതിവേഗം തീരുമാനമുണ്ടായതെന്ന് മുന്‍ എക്സൈസ് മന്ത്രി എം.ബി.രാജേഷും ആരോപിച്ചു. 

 

ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍  വീതംവയ്ക്കാന്‍ ചേരാനിരുന്ന യുഡിഎഫ് യോഗത്തിലാകും മദ്യനയവും ചര്‍ച്ചയ്ക്ക് വരിക. ചര്‍ച്ചയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല ഉറപ്പിക്കുകയും ചെയ്തു. വീര്യംകുറഞ്ഞ മദ്യവില്‍പ്പനയോട് മുസ്ലിംലീഗിനും കേരളാ കോണ്‍ഗ്രസിനും എതിര്‍പ്പാണ്. വിഷയം യുഡിഎഫില്‍ ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് തീരുമാനത്തില്‍ നിന്നുള്ള പിന്നോട്ടുപോക്കായും കരുതുന്നവരുണ്ട്. നികുതി നിര്‍ദേശം ധനബില്ലില്‍ നിന്ന് പിന്‍വലിക്കണമെന്ന നിലപാടിലാണ് വി.എം.സുധീരന്‍. 

 

വിഷയം കത്തിച്ച് നിര്‍ത്താനാണ് എല്‍.ഡിഎഫിന്റെ ശ്രമം. 23ദിവസം മുഖ്യമന്ത്രി മദ്യനയ ഫയല്‍ രഹസ്യമായി കൈയില്‍വച്ചെന്ന ആരോപണവുമായി എം.ബി.രാജേഷ് രംഗത്തെത്തി. 

 

മദ്യനയം UDF തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമസഭയോടുള്ള അനാദരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. മദ്യക്കമ്പനിയില്‍ നിന്നു നിന്നു വാങ്ങിയ പണം തിരികെ നല്‍കേണ്ടിവരുമോയെന്ന് മുഖ്യമന്ത്രിക്ക് ഭയമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ ആരോപിക്കുന്നു. 

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഘടനയുടെ ലക്ഷ്യം വ്യക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ധൃതി പിടിച്ചെടുത്ത തീരുമാനമാണത്. കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

ENGLISH SUMMARY:

Muslim League leader K.M. Shaji has backed the Chief Minister’s position on reducing taxes for low-alcohol beverages, while the issue continues to trigger political debate in Kerala. The UDF is expected to discuss the liquor policy amid criticism from V.M. Sudheeran, M.B. Rajesh, and CPM leaders. The controversy surrounding the proposed tax structure has intensified discussions over Kerala’s liquor policy and alliance politics.