ലൈഫ് പദ്ധതിയില്‍ വീട് പാസായിട്ടും ഭൂമിയില്ലാതിരുന്ന അനേകം പേര്‍ക്ക് താങ്ങായി ഒരു മനുഷ്യസ്നേഹി. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി കെ.പി റഷീദിന്‍റെ ഇടപെടലില്‍ നിര്‍ധനരായ 185 പേരുടെ വീടെന്ന സ്വപ്നത്തിന് ചിറകുമുളച്ചു. കണ്ണൂരിലെ വിവിധയിടങ്ങളിലായി ഉദാരമതികളുടെ കൈവശമുള്ള ഭൂമി സൗജന്യമായി ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ ഇടപെട്ടാണ് റഷീദിന്‍റെ സാമൂഹ്യജീവിതം.
ബിസിനസുകാരനായ റഷീദ് തന്‍റെ ജീവിതദൗത്യത്തിലാണ്. കണ്ണൂര്‍ ജില്ലയിലെ കുറുമാത്തൂരിലും, ശ്രീകണ്ഠാപുരത്തും, ഇരിക്കൂരിലുമടക്കം ലൈഫ് പദ്ധതിയിലൂടെ നിര്‍മാണം പുരോഗമിക്കുന്നത് 80 വീടുകള്‍.. നൂറിലേറെ പേര്‍ക്ക് ഭൂമി സൗജന്യമായി സംഘടിപ്പിച്ചു നല്‍കിക്കഴിഞ്ഞു റഷീദ്.. ടെക്സ്റ്റൈല്‍ കടയിലെ ജീവനക്കാരിയായ രണ്ട് മക്കളുടെ അമ്മയായ വര്‍ണ.. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനാകാതെ ഭര്‍ത്താവ് പാമ്പുകടിയേറ്റ് വര്‍ണയെയും മക്കളെയും വിട്ടുപിരിഞ്ഞതാണ്. ഇരുട്ടിലായ വര്‍ണയുടെ ജീവിത്തിലേക്ക് നിറം പകരുന്ന വെളിച്ചം വീശിയത് റഷീദായിരുന്നു. വര്‍ണയ്ക്കിന്ന് വീടുയരുന്നു.
വാടകവീട്ടില്‍ മാത്രം കഴിയാന്‍ വിധിക്കപ്പെട്ടവളെന്ന് കരുതിയ നൂര്‍ജഹാന്‍.. തന്‍റെ പ്രാര്‍ഥനയ്ക്ക് ദൈവം നല്‍കിയ ഉത്തരമെന്ന് നൂര്‍ജഹാന്‍ കരുതുന്നത് റഷീദിനെ.. നൂര്‍ജഹാനും സ്വപ്നഭവനത്തിന്‍റെ പണിപൂര്‍ത്തിയാകാന്‍ കാത്തിരിക്കുന്നു.. വര്‍ണയും നൂര്‍ജഹാനും ഉദാഹരണങ്ങള്‍ മാത്രം.. നിയോഗം പോലെ റഷീദിന്‍റെ ഇടപെടലില്‍ സമ്പന്നരായ പേരുവെളിപ്പെുത്താത്ത നിരവധി പേരുടെ കരുണകൊണ്ട് വീട് നിര്‍മിക്കാന്‍ ഭൂമി ലഭിച്ചവര്‍ ഇനിയുമനേകം..