കെഎസ്‍യുവിന്‍റെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യമില്ലെന്നാണാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. നിരന്തര നിരീക്ഷണം വേണ്ടതിനാല്‍ ഐസിയുവില്‍ തുടരും.
കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ അമർന്നുള്ള സമ്മർദ്ദം കാരണമാണ് വേദന അനുഭവപ്പെട്ടത്. അതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇല്ല. നിലവിലുള്ള ശാരീരിക അവസ്ഥയിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടരും. മന്ത്രിക്ക് ശരീരവേദന തുടരുന്നുവെന്നും യാത്ര ചെയ്യാൻ കഴിയില്ല എന്നുമാണ് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയത്.
ഇന്നലെ രാത്രിയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി പരിയാരം മെഡിക്കൽ കോളജിലേക്ക് മന്ത്രി വീണാ ജോർജിനെ മാറ്റിയത്. ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ് മന്ത്രി. കഴുത്തിന് വേദന ഇപ്പോഴുമുണ്ട്. ഇന്നലെ നടത്തിയ എംആർഐ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്നുമാണ് യോഗം വിലയിരുത്തിയത്. അതേസമയം, മന്ത്രിയുടെ ഡിസ്ക്കിനും വേദനയുണ്ടെന്നും ഇത് നേരത്തെ ഉള്ളതാണെന്നും അധികൃതർ അറിയിച്ചു.
മന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എം.സി അതുൽ , പ്രവർത്തകരായ അക്ഷയ്, മുബാസ് ,യാസിൻ, ബിദുൽ എന്നിവരെ മാർച്ച് 12 വരെ റിമാൻഡ് ചെയ്തു. മാരകായുധം ഉപയോഗിച്ച് മന്ത്രിയെ കൊല്ലുമെന്ന് ആക്രോശിച്ച് പ്രതികൾ ആക്രമിച്ചു എന്നാണ് പോലീസ് കേസ്.