kannur-kozhikode-idukki-rain

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും കാറ്റും തുടരുന്നു. കണ്ണൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ മഴക്കെടുതിയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടുക്കിയിൽ വൈദ്യുതി പോസ്റ്റ് കാറിന് മുകളിലേക്ക് വീണ് ഉണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് പേരാമ്പ്രയിൽ മിന്നൽച്ചുഴലി വീശിയടിച്ചതിനെത്തുടർന്ന് മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.

ഇടുക്കി മൂലമറ്റം ഏഴാംമൈലിൽ ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റ് റോഡിലൂടെ പോവുകയായിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞുവീണു. കാറിനുള്ളിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. പോസ്റ്റ് വീണ ഉടൻ തന്നെ ഇവർ പുറത്തിറങ്ങി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. തൊടുപുഴ മേഖലയിൽ കഴിഞ്ഞ ഒരു മണിക്കൂറായി തുടരുന്ന അതിശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ഫയർഫോഴ്സും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും എത്തി വൈദ്യുതി പോസ്റ്റ് മാറ്റിയതിനെത്തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ മഴ അതിശക്തമായി തുടരുകയാണ്. പേരാമ്പ്ര ബൈപ്പാസിൽ വൈകിട്ട് മൂന്ന് മണിയോടെ അഞ്ച് മിനിറ്റ് നീണ്ടുനിന്ന മിന്നൽച്ചുഴലി വൻ നാശനഷ്ടമുണ്ടാക്കി. നിരവധി മരങ്ങൾ കടപുഴകുകയും വീടുകൾക്കും വാഹനങ്ങൾക്കും മുകളിലേക്ക് വീഴുകയും ചെയ്തു. നാദാപുരം, കല്ലാച്ചി ടൗണുകളിൽ കടകളിൽ വെള്ളം കയറി. നാദാപുരത്തെ സപ്ലൈകോ ഗോഡൗണിൽ വെള്ളം കയറിയതിനെത്തുടർന്ന് സാധനങ്ങൾ മാറ്റി. റോഡുകളിൽ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയ നിലയിലാണ്. വിലങ്ങാട് മലയോരത്തും മഴ തുടരുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിൽ അതിശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ശ്രീകണ്ഠാപുരം അലക്സ് നഗറിലെ കാഞ്ഞങ്ങേരി തൂക്കുപാലത്തിന് മുകളിലേക്ക് മരച്ചില്ലകൾ ഒടിഞ്ഞുവീണു. നിലവിൽ പാലത്തിന് വലിയ തകരാറുകൾ സംഭവിച്ചിട്ടില്ല. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ വീടിന് മുകളിലേക്ക് തെങ്ങ് വീണ് എൽ.പി പ്രൊമോട്ടറായ യുവതിക്ക് പരിക്കേറ്റു. ഇവരെ കുത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാനൂർ, ആനക്കോട് തുടങ്ങിയ ഭാഗങ്ങളിലും മഴ ശക്തമാണ്.

ENGLISH SUMMARY:

Heavy rain and strong winds are lashing various parts of Kerala, causing widespread damage. Incidents like a power post falling on a car in Idukki and a tornado in Kozhikode highlight the severity of the weather.