petrol-price-hike

അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും എണ്ണക്കമ്പനികളുടെ വൻ സാമ്പത്തിക ബാധ്യതയും കണക്കിലെടുത്ത് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം. പെട്രോളിനും ഡീസലിനും ലീറ്ററിന് 5 രൂപ മുതൽ 10 രൂപ വരെ വർധിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. വരും ദിവസങ്ങളിൽ തന്നെ ഈ വിലവർധന പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചിട്ടും രാജ്യത്ത് കഴിഞ്ഞ മാസങ്ങളിൽ വില കൂട്ടിയിരുന്നില്ല. ഇതിലൂടെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം 30,000 കോടി രൂപയിലേറെ നഷ്ടം സംഭവിക്കുന്നതായാണ് കണക്കുകൾ. ഈ പ്രതിസന്ധി മറികടക്കാൻ വില വർധിപ്പിക്കാൻ അനുവദിക്കണമെന്ന കമ്പനികളുടെ കടുത്ത സമ്മർദ്ദത്തിന് ഒടുവിലാണ് കേന്ദ്രം ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ പശ്ചാത്തലത്തിലാണ് നിർണ്ണായക നീക്കം.

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതും അന്താരാഷ്ട്ര തലത്തിൽ പരിഹാരശ്രമങ്ങൾ വൈകുന്നതും ഇന്ധന വിപണിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇറാൻ വിഷയത്തിൽ അമേരിക്ക സ്വീകരിക്കുന്ന കടുത്ത നിലപാടുകൾ ആഗോള വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ മാർച്ചിൽ എക്സൈസ് തീരുവ കുറച്ച് സാധാരണക്കാരെ സഹായിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും, നിലവിലെ പ്രത്യേക സാഹചര്യത്തിൽ തുടർന്നും വില പിടിച്ചുനിർത്തുന്നത് അസാധ്യമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

ഇന്ധനവിലയിൽ ഒറ്റയടിക്ക് 5 മുതൽ 10 രൂപ വരെ വർധനയുണ്ടാകുന്നത് രാജ്യത്ത് കടുത്ത വിലക്കയറ്റത്തിന് കാരണമാകും. നിത്യോപയോഗ സാധനങ്ങളുടെ കടത്തുകൂലി വർധിക്കുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കും. കഴിഞ്ഞ ദിവസം ഇന്ധന ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും ഇന്ന് ഡൽഹിയിൽ നടന്ന മന്ത്രിതല യോഗവും ഈ വിലവർധനയുടെ മുന്നോടിയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കകൾ തള്ളിക്കളഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും വിതരണ ശൃംഖലയിൽ തടസ്സമുണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യൻ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന മന്ത്രിതല സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസംസ്‌കൃത എണ്ണ 60 ദിവസത്തേക്കുള്ള കരുതൽ ശേഖരം ലഭ്യമാണ്. പ്രകൃതിവാതകവും 60 ദിവസത്തേക്കുള്ള സ്റ്റോക്കുണ്ട്. എല്‍.പി.ജി 45 ദിവസത്തേക്കുള്ള 'റോളിങ് സ്റ്റോക്ക്' ഉറപ്പുവരുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം രാജ്യത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Fuel price hike in India is imminent due to international market volatility and significant financial burdens on oil companies. This increase, expected to be between 5 to 10 rupees per liter for petrol and diesel, comes after months of maintaining prices despite rising crude oil costs.