കണ്ണൂര്‍ തലശേരി എം.ജി റോഡില്‍ നഗരസഭ മുന്‍കൈയ്യെടുത്ത് നടത്തിയ സൗന്ദര്യവല്‍കരണം സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. നഗരസഭയുടെ മുന്‍വശത്തെ പൂച്ചെടികളാണ് രാത്രിയിലെത്തിയവര്‍ നശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി
രണ്ടാം തവണയാണ് തലശേരി നഗരസഭ നടത്തുന്ന നഗര സൗന്ദര്യവല്‍കരണം നശിപ്പിക്കപ്പെടുന്നത്. പൂച്ചെടികള്‍ നഗരസഭാ കോമ്പൗണ്ടിലേക്ക് വലിച്ചെറിഞ്ഞാണ് തകര്‍ത്തത്. ഗവ. ബ്രണ്ണന്‍ സ്കൂളിന് മുന്നിലുള്ള ചെടികളും നശിപ്പിച്ചു. കഴിഞ്ഞ തവണയും സമാനരൂപത്തിലായിരുന്നു സാമൂഹ്യദ്രോഹികളുടെ ആക്രമണം. കഴിഞ്ഞ കൗണ്‍സിലിന്‍റെ അവസാനത്തിലാണ് ഇത് പൂര്‍വസ്ഥിതിയിലാക്കിയത്. മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും വീണ്ടും അതേസ്ഥിതി.
പൊലീസില്‍ നഗരസഭാ അധികൃതര്‍ പരാതി നല്‍കി. നഗരസഭയിലെ സിസിടിവിയില്‍ സംഭവം വേണ്ടത്ര വ്യക്തമായി പതിഞ്ഞിട്ടില്ല. മറ്റു സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് സാമൂഹ്യവിരുദ്ധരെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുന്നത്.