കണ്ണൂര്‍ ഇരിട്ടി എടക്കാനം മേഖലയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ആശങ്ക പരന്നതോടെ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും പ്രദേശത്ത് പരിശോധന നടത്തി. നിലവില്‍ ആശങ്കപ്പെടേണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ അറിയിപ്പ്.
രണ്ടാഴ്ച മുമ്പ് മുതലാണ് കാക്കകളെ ചത്ത നിലയില്‍ കാണപ്പെടാന്‍ തുടങ്ങിയത്. എടക്കാനത്തും പിന്നീട് ഇരിട്ടി നഗരത്തിലും ഇത് കണ്ടതോടെ ആശങ്കയായി. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ചത്ത കാക്കളുടെ സാംപിളുകള്‍ ശേഖരിച്ചു. പരിശോധനയ്ക്കായി അവശനിലയില്‍ കണ്ടെത്തിയ കാക്കയെ പിടികൂടുകയും ചെയ്തു. പകര്‍ച്ചവ്യാധി സാധ്യതയാണ് ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കുന്നത്
പക്ഷിപ്പനിയാണോ എന്നാണ് പൊതുവേയുള്ള ആശങ്ക, എന്നാല്‍ കാക്കള്‍ക്കല്ലാതെ മറ്റൊരു ജീവികള്‍ക്കും പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ല. അതിനാല്‍ ആശങ്ക വേണ്ടെന്നും പരിശോധനാ ഫലം വന്നാലേ വ്യക്തത ലഭിയ്ക്കൂ എന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.