രണ്ടാഴ്ച കൊണ്ട് ശരിയാക്കാമെന്ന് പറഞ്ഞ കണ്ണൂര്‍ പാപ്പിനിശേരി മേല്‍പാലത്തിന് ഒരു മാസം കഴിഞ്ഞിട്ടും കുഴിയില്‍ നിന്ന് മോചനമില്ല. ആയിരക്കണക്കിന് വാഹനങ്ങള്‍ ദിവസേന ഓടുന്ന പാലത്തില്‍ ഒടുവില്‍ നാട്ടുകാര്‍ക്ക് തന്നെ ചില തട്ടിക്കൂട്ട് പണികള്‍ ചെയ്യേണ്ടിവന്നു. മന്ത്രി പറഞ്ഞ പരിഹാരം എവിടെപ്പോയി.. കുഴികള്‍ കൂടെപ്പിറപ്പായ പാപ്പിനിശേരി പാലത്തില്‍ കഴിഞ്ഞ മാസം 20നാണ് കെഎസ്ടിപി അധികൃതര്‍ മന്ത്രി പറഞ്ഞതനുസരിച്ച് പരിശോധന നടത്തിയത്. പരിഹാരം രണ്ടാഴ്ചക്കുള്ളിലെന്ന് പറഞ്ഞിട്ട് മാസം ഒന്നു കഴിഞ്ഞു.
പല തവണ ദിവസങ്ങളോളം അടച്ചിട്ട് അറ്റകുറ്റപ്പണി ചെയ്തുനോക്കിയതാണീ പാലത്തില്‍. ശേഷം, തുറക്കുന്നു, വീണ്ടും പൊളിയുന്നു.. എക്സ്പാന്‍ഷന്‍ ജോയിന്‍റ് കമ്പികള്‍ വരെ പുറത്തേക്കെത്തി. അധികൃതര്‍ വാക്കുപാലിക്കാതായപ്പോള്‍ നാട്ടുകാര്‍ തന്നെ തുനിഞ്ഞിറങ്ങി... കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊട്ടിച്ച് കുഴികളടച്ച് താല്‍കാലിക പരിഹാരം കാണുകയാണ് ഒരു കൂട്ടര്‍. അല്ലാതെ വേറെ വഴിയില്ല
2018ല്‍ നിര്‍മാണം പൂര്‍ത്തിയായ പാലത്തില്‍ കുഴികള്‍ക്കൊപ്പം രാത്രിയില്‍ കൂരിരുട്ടും കൂട്ടാണ്. അപകടങ്ങള്‍ വേറെ. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കുലുക്കവും അനുഭവിയ്ക്കാം.