കണ്ണൂർ മട്ടന്നൂരിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ വനം വകുപ്പ് ദൗത്യസംഘം മയക്കുവെടി വെച്ചു പിടികൂടി. രണ്ട് ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പിടികൂടാനായത്. കാട്ടുപോത്തിനെ ആറളം ആനിമല്‍ ആശുപത്രിയിലേക്ക് മാറ്റി
ദിവസങ്ങളായി മട്ടന്നൂരിനടുത്തെ കിളിയങ്ങാട്, മേറ്റടി, വെള്ളിലോട് പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടിരുന്നു. കാടുകയറിയെന്ന് കരുതിയ പോത്ത് വീണ്ടും ഇറങ്ങിയതോടെയാണ് മയക്കുവെടി വെച്ച് പിടിയ്ക്കാന്‍ വനംവകുപ്പ് ഉത്തരവിട്ടത്. ഇന്നലെ ദൗത്യത്തിന് ശ്രമിച്ചെങ്കിലും നേരം വൈകിയത് തിരിച്ചടിയായി. ഇന്ന് രാവിലെ ഇറങ്ങിയ സംഘം കീഴല്ലൂർ പഞ്ചായത്തിലെ കൊളപ്പ മേഖലയില്‍ കാട്ടുപോത്തുണ്ടെന്ന് കണ്ടെത്തി. വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തറാണ് മയക്കുവെടി വെച്ചത്.
ഇരിക്കൂര്‍–ചാലോട് റോഡിനോടു ചേര്‍ന്നുള്ള കാടുപിടിച്ച പറമ്പിലായിരുന്നു കാട്ടുപോത്ത്. വെടിയേറ്റ് 15 മിനിറ്റിനുള്ളില്‍ മയങ്ങിയ പോത്തിനെ വടംകൊണ്ട് ബന്ധിച്ച് ജെസിബിയുടെ സഹായത്താല്‍ ആനിമല്‍ ആംബുലന്‍സിലേക്ക് മാറ്റാന്‍ ഏറെ പണിപ്പെട്ടു. കാട്ടുപോത്തിന്‍റെ ആരോഗ്യാവസ്ഥ നോക്കി ആവശ്യമെങ്കില്‍ ചികിത്സ നല്‍കും. ശേഷമാണ് വനത്തില്‍ തുറന്നുവിടുക.