രണ്ടാഴ്ചയായി വീടിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന റോഡ് റോളർ കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ് കണ്ണൂർ പയ്യന്നൂരിലെ ഒരു കുടുംബം. വീട്ടിൽ ആളില്ലാത്ത സമയത്താണ് റോഡ് റോളർ വീട്ടുവളപ്പിൽ കയറ്റി ഇട്ടത്.
രണ്ടാഴ്ചയിലേറെയായി KL 60 L 2955 എന്ന നമ്പറിലുള്ള റോഡ് റോളർ പയ്യന്നൂർ കണ്ടക്കോരൻ മുക്കിലെ രമണിയുടെ വീടിന് മുന്നിൽ വഴിയടച്ച് ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. തൊണ്ണൂറ്റിയെട്ടു വയസ്സു പിന്നിട്ട കിടപ്പു രോഗിയുമായ അമ്മയുമായി ആശുപത്രിയിൽ പോയി തിരിച്ചു വന്നപ്പോഴാണ് റോഡ് റോളർ വീട്ടു വളപ്പിൽ നിർത്തിയിട്ടിരിയുന്നത് കാണുന്നത്. സമീപത്തെങ്ങും റോഡ് പണി നടക്കുന്നില്ല ആരാണ് വാഹനം കൊണ്ടിട്ടതെന്നും അറിയില്ല.
ഒരു ദിവസം കഴിയുമ്പോൾ വാഹനം എടുത്തു കൊണ്ടു പോകുമെന്നാണ് കരുതിയത്. ദിവസങ്ങൾ പിന്നിട്ടിട്ടും ആരും എത്തിയില്ല ചെറിയ വാഹനമാണെങ്കിൽ തള്ളിയെങ്കിലും മാറ്റിയിടാം റോഡ് റോളർ ആയതിനാൽ അതിനും കഴിയില്ല. കാഞ്ഞങ്ങാട് ആർ.ടി.ഒ പരിധിയിലാണ് വാഹനത്തിൻ്റെ രജിസ്ടേഷൻ ഉള്ളത്. ഉടമ എത്തി എത്രയും വേഗം വാഹനം മാറ്റിയില്ലെങ്കിൽ പൊലീസിൽ പരാതി നൽകുവാനാണ് തീരുമാനം