കായികരംഗത്ത് ഉണ്ടാകുന്ന എല്ലാ പരുക്കുകൾക്കും ശാരീരികാസ്വസ്ഥതകൾക്കും ശാസ്ത്രീയവും സമഗ്രവുമായ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ബി.എം.എച്ച് സ്പോർട്സ് അരീന പ്രവർത്തനം തുടങ്ങി. കായികാരോഗ്യ പരിചരണത്തിന് പുത്തൻ കരുത്താകുന്ന ചികിത്സാ കേന്ദ്രമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ.വിനീതാണ് ഉദ്ഘാടനം ചെയ്തത്. കായിക താരങ്ങൾക്കും ഫിറ്റ്നസ് പ്രേമികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് ബി.എം.എച്ച് സ്പോർട്സ് അരീന സജ്ജീകരിച്ചിരിക്കുന്നത്. കളിക്കളത്തിലും വ്യായാമത്തിനുമിടയിൽ ഉണ്ടാകുന്ന പരുക്കുകൾ ദീർഘകാല ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ കൃത്യമായ രോഗനിർണയം, ചികിത്സ, പുനരധിവാസം എന്നിവ ഉറപ്പാക്കുകയാണ് സ്പോർട്സ് അരീനയുടെ ലക്ഷ്യമെന്ന് ബി.എം.എച്ച് നോര്‍ത്ത് കേരള ക്ലസ്റ്റര്‍ സി.ഇ.ഒ നിരൂപ് മുണ്ടയാടന്‍ ചടങ്ങിൽ വ്യക്തമാക്കി. ബേബി മെമ്മോറിയൽ ആശുപത്രിയിലെ പരിചയസമ്പന്നരായ ഡോക്ടർമാരുടെയും ഫിസിയോതെറാപ്പിസ്റ്റ്മാരുടെയും നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി യതീശ് ചന്ദ്ര ചടങ്ങിൽ മുഖ്യാതിഥിയായി.