kannur

TOPICS COVERED

കൊടും തണുപ്പില്‍ കാടിനുള്ളില്‍ എല്ലാ വര്‍ഷവും നടക്കുന്ന കണ്ണൂര്‍ കുന്നത്തൂര്‍പാടി തിരുവപ്പന ഉല്‍സവത്തിന് കൊടിയേറി. രാത്രിയില്‍ ഭക്ത ജനങ്ങള്‍ നിറയുന്ന ഉല്‍സവത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് പോലും ആളുകളെത്തും. ഒരു മാസം നീളുന്ന ഉല്‍സവം ജനുവരി 15ന് രാത്രിയാണ് സമാപിക്കുക

ഓടച്ചൂട്ടുകളുമായി അടിയന്തിരക്കാരും കോമരവും തന്ത്രിയും കരക്കാട്ടിടം നായനാരും കാട്ടിലെ പാടിയില്‍ പ്രവേശിച്ചതോടെ കുന്നത്തൂര്‍പാടി ദേവസ്ഥാനത്ത് വീണ്ടും ഉല്‍സവത്തുടക്കം.. ആചാര വെടിയോടെയായിരുന്നു ഗോത്ര സംസ്കാരത്തെ അനുസ്മരിപ്പിക്കുന്ന പാടിയില്‍ പ്രവേശിക്കല്‍.

ആദ്യ ദിനത്തില്‍ മുത്തപ്പന്‍റെ ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നിവ കാണിക്കുന്ന പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴീശന്‍ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടി. ദിവസവും രാത്രി പത്ത് മണിയോടെയാണ് തിരുവപ്പന പുറപ്പാട്. ഒന്നിടവിട്ട ദിനങ്ങളില്‍ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. കേരളത്തിനകത്തും പുറത്തുനിന്നുമായി ഒട്ടേറെ പേരാണ് കുന്നത്തൂര്‍പാടിയിലേക്കെത്തുക. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലാണീ ഉല്‍സവം. വര്‍ഷത്തില്‍ 10 മാസത്തിലേറെ കാടുമൂടിക്കിടക്കുന്ന പ്രദേശത്ത് ഉല്‍സവ കാലത്തേക്ക് മാത്രമായി താല്‍കാലിക സംവിധാനങ്ങളാണൊരുക്കാറുള്ളത്. 

ENGLISH SUMMARY:

Kunnathurpadi Festival is a unique tribal festival held annually in Kannur, Kerala. The festival is known for its vibrant rituals and attracts devotees from across the state and beyond.