സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം മറ്റന്നാള്‍ കണ്ണൂരില്‍. മുനിസിപ്പല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്‍.സിയും തൃശൂര്‍ മാജിക് എഫ്‍.സിയും തമ്മില്‍ ഏറ്റുമുട്ടും. കഴിഞ്ഞ സീസണില്‍ സെമിയില്‍ തോറ്റു പുറത്തായ കണ്ണൂര്‍ വാരിയേഴ്സ് ഇത്തവണ കപ്പും കൊണ്ടേ പോകൂ എന്ന വാശിയിലാണ്.
മുനിസിപ്പല്‍ സ്റ്റേഡിയം ഫൈനല്‍ വിസില്‍ മുഴക്കത്തിനായി കാതോര്‍ത്തിരിപ്പാണ്. ആവേശത്തിര തീര്‍ക്കാന്‍ പുറത്തുണ്ട് കാല്‍പ്പന്തുകളിയാരാധകര്‍. അപ്രതീക്ഷിതമായാണ് ഫൈനല്‍ പോര് കണ്ണൂരിലേക്കെത്തുന്നത്. പോരാട്ടം സ്വന്തം തട്ടകത്തിലെന്ന ആത്മവിശ്വാസം കണ്ണൂര്‍ എഫ്‍സിയ്ക്ക് കരുത്ത്.
ഹോം മല്‍സരങ്ങളില്‍ കണ്ണൂര്‍ വാരിയേഴ്സിന് ഇതുവരെ ജയിക്കാനായിരുന്നില്ല. ആ ജയം ഫൈനലിലായിരിക്കുമെന്നാണ് ടീമിന്‍റെ ആത്മവിശ്വാസം. കഴിഞ്ഞ തവണയും ടീമിനെ നയിച്ച പരിശീലകന്‍ മാനുവല്‍ സാഞ്ചസ് ഇക്കുറി കപ്പടിച്ചേ തീരൂ എന്ന വാശിയിലാണ്.
ശക്തരായ കാലിക്കറ്റ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കണ്ണൂരിന്‍റെ ഫൈനല്‍ പ്രവേശനം. തൃശൂരാകട്ടെ വമ്പന്മാരായ മലപ്പുറത്തെ അടിച്ചുവീഴ്ത്തിയാണ് സ്വപ്നഫൈനലില്‍ കയറിയത്. ആക്രമണോല്‍സുകതയ്ക്കൊപ്പം ശക്തമായ പ്രതിരോധ നിരയാണ് കണ്ണൂര്‍ പോരാളികളുടെ പ്രതീക്ഷ.