സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ബി.ജെ.പി വാർഡ് കൗൺസിലർക്ക് 36 വർഷം തടവ് ശിക്ഷ. കണ്ണൂർ തലശ്ശേരി നഗരസഭയിലെ കൊമ്മൽവയൽ വാർഡിൽ നിന്ന് വിജയിച്ച യു.പ്രശാന്തിനെയാണ് തലശ്ശേരി കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലെ ഉയർന്ന ശിക്ഷയായ 10 വർഷം തടവ് അനുഭവിച്ചാൽ മതി. ശിക്ഷിക്കപ്പെട്ടതോടെ കൗൺസിലർ സ്ഥാനത്തുനിന്ന് പ്രശാന്ത് അയോഗ്യനാകും. കേസിൽ പ്രതികളായ മറ്റ് 9 ബി.ജെ.പി പ്രവർത്തകർക്കും ഇതേ ശിക്ഷ വിധിച്ചു. ഒരു ലക്ഷത്തി എട്ടായിരം രൂപ പിഴയും അടക്കണം. 2007 ഡിസംബർ 15ന് ആയിരുന്നു സി.പി.എം പ്രവർത്തകനായ പി.രാജേഷിനെ ബോംബെറിഞ്ഞ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.