kannur-udf

പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന്‍റെ വിമത സ്ഥാനാര്‍ഥികള്‍ ശക്തമായ പ്രചാരണത്തില്‍. മുസ്ലിം ലീഗിന്‍റെ രണ്ടും, കോണ്‍ഗ്രസിന്‍റെ ഒരു വിമതയുമാണ് യുഡിഎഫിന് തലവേദന സൃഷ്ടിക്കുന്നത്. എന്നാല്‍, വിമതര്‍ ഒരു നിലയ്ക്കും ഭീഷണിയാവുന്നില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ അവകാശവാദം.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന് വിമത ഭീഷണി മൂന്നിടത്ത്. പയ്യാമ്പലം, ആദികടലായി, വാരം.  മേയറാകാന്‍ സാധ്യതയുള്ള പി. ഇന്ദിരയ്ക്ക് പയ്യാമ്പലത്ത് വിമത, മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന കെ.എന്‍ ബിന്ദു.  വിമതനീക്കം ഏശില്ലെന്നാണ് ഡെപ്യൂട്ടി മേയര്‍ പി ഇന്ദിരയുടെ ആത്മവിശ്വാസം

എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റായ ആദികടലായിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിജില്‍ മാക്കുറ്റിക്ക് വിമതന്‍ ലീഗില്‍ നിന്ന്. കോണ്‍ഗ്രസ് ലീഗിന് സീറ്റ് വിട്ടുകൊടുക്കാത്തതു കൊണ്ടാണ് താന്‍ വിമതനായതെന്ന് സ്ഥാനാര്‍ഥി പി. മുഹമ്മദലി. വിമതന്‍ വോട്ടു കുറയ്ക്കില്ലെന്നും ഇടതു പക്ഷവുമായുള്ള അഡ്ജസ്റ്റുമെന്‍റാണിതെന്നും  റിജില്‍ മാക്കുറ്റിയുടെ മറുപടി.

പ്രാദേശിക നേതാക്കളെ പരിഗണിക്കാതെ അപ്പുറത്തെ ഡിവിഷനില്‍ നിന്നുള്ള കെ.പി താഹിറിനെ സ്ഥാനാര്‍ഥിയാക്കിയതാണ് വാരം ഡിവിഷനിലെ വിമതന്‍ റയീസ് അസ്അദിയുടെ പ്രശ്നം. താഹിറിനെതിരെ കടുത്ത പ്രചാരണത്തിലാണ് റയീസ്. എന്നാല്‍ താന്‍ പുറത്തുനിന്നുള്ള ആളല്ലെന്നാണ്  താഹിറിന്‍റെ മറുപടി.

കോണ്‍ഗ്രസ് ലീഗുമായി വെച്ചുമാറിയ വാരം ഡിവിഷനില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ തുണച്ചേക്കും. എന്നാല്‍ പയ്യാമ്പലത്ത് കെഎന്‍ ബിന്ദുവിന് നേരിട്ട് പ്രവര്‍ത്തനപരിചയമുള്ളത് ഗുണമാകാനിടയുണ്ട്. ആദികടലായിയില്‍ ഏറെയുള്ള മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചാല്‍ റിജില്‍ മാക്കുറ്റിയും പരുങ്ങലിലാകും.

ENGLISH SUMMARY:

Kannur Corporation election sees UDF facing rebel threats in three divisions. The presence of rebel candidates from Muslim League and Congress poses challenges for UDF, but UDF candidates remain confident.