കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ നാലാംഘട്ട വികസനത്തിനായി ഭൂമിവിട്ടുനല്‍കിയ കുടുംബങ്ങള്‍ അനുഭവിക്കുന്നത് ദുരിതജീവിതം. വിജ്ഞാപനം ചെയ്ത ഭൂമിയില്‍ ഒരു ക്രയവിക്രയവും നടത്താനാകാത്തതും നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാത്തതുമാണ് ഇരുന്നൂറിലധികം കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്.
കോളജ് അധ്യാപികയായിരുന്നു ലേഖ.. ജീവിതം ലേഖയെ പെട്രോള്‍ പമ്പിലെ ഇന്ധനമടിയ്ക്കുന്ന പണിയിലെത്തിച്ചു. ജീവിതം നരകതുല്യം. ആകെയുള്ള ഭൂമി എയര്‍പോര്‍ട്ടിന് വിട്ടുകൊടുത്തിട്ട് വര്‍ഷം 9ആയി. ചില്ലിക്കാശുപോലും നഷ്ടപരിഹാരം നല്‍കിയില്ല. ലേഖ 9 വര്‍ഷം മുമ്പ് നടന്ന വഴി ഇന്ന് വനംപോലെ. വീടെവിടെന്ന് പോലും കാണാനില്ല.. അത്രമേല്‍ ഭൂമിയെ കാടുതിന്നു. നഷ്ടപരിഹാരത്ത് എംഎല്‍എ കെ.കെ ശൈലജയെയും മുഖ്യമന്ത്രിയെയും വരെ ചെന്നുകണ്ടിട്ടും കനിഞ്ഞില്ലെന്ന് ലേഖ.
മട്ടന്നൂരിലെ ടേബിള്‍ടോപ്പില്‍ നിന്ന് യന്ത്രപ്പക്ഷി ഇരമ്പിപ്പറന്നുയരുമ്പോള്‍ ഭൂമിനഷ്ടപ്പെട്ടവരുടെ ഉള്ളെരിയുകയാണ്. സ്വന്തം മണ്ണിന്‍റെ വില എന്നുകിട്ടുമെന്ന വ്യാഥിയില്‍. ലേഖയെപ്പോലെ അനേകം പേരുണ്ടീ നാട്ടില്‍. മൊത്തം 210 കുടുംബങ്ങള്‍. ഓരോ കുടുംബങ്ങളിലും നൂറുനൂറ് യാതനകളുടെ കഥകളുണ്ട്. വിമാനത്താവളത്തിന് വിജ്ഞാപനം ചെയ്ത ഭൂമി ഇവര്‍ക്ക് വില്‍ക്കാനാവില്ല, പണം കിട്ടുമെന്ന പ്രതീക്ഷയില്‍ വായ്പയെടുത്തവര്‍ തിരിച്ചടവ് മുടങ്ങി കടക്കെണിയിലും ജപ്തിയുടെ വക്കിലും. ആയിരം കോടിയോളം ചിലവുവരും 249 ഏക്കര്‍ ഭൂമിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍. സര്‍ക്കാരാണെങ്കില്‍ തിരിഞ്ഞുനോക്കുന്നില്ല. കാരണം സാമ്പത്തിക പ്രതിസന്ധി. മണ്ണും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്കിനി തെരുവിലിറങ്ങുകയല്ലാതെ വേറെ വഴിയില്ല.