kannur

TOPICS COVERED

കണ്ണൂരിലെ പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇക്കുറിയും ഉല്‍സവത്തിന് കൊടിയേറിയപ്പോള്‍ ഒരു 95കാരന്‍ തൊഴുകൈയ്യോടെ അതിലേക്ക് കൈകൂപ്പി നിന്നു. പുത്തന്‍ തേമഠത്തില്‍ അച്യുത വാര്യരെന്ന വയോധികന് ആ കൊടിയേറ്റം അത്രയും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ 73 വര്‍ഷമായി ക്ഷേത്രോല്‍സവത്തിനുള്ള കൊടിക്കൂറ തുന്നുന്നത് അച്യുത വാര്യരാണ്.

തൃച്ചംബരത്തെ കൊടിമരത്തില്‍ പാറുന്നത് വെറുമൊരു പട്ടുതുണിയല്ല. അച്യുതവാര്യരുടെ ഭക്തിയും സമര്‍പ്പണവുമാണത്. വര്‍ഷങ്ങളോളമായി അദ്ദേഹത്തിന്‍റെ വിരലുകളിലൂടെ തുന്നിയെടുത്ത കൊടിക്കൂറ ഈ വാനില്‍ പാറിപ്പറക്കുന്നു. ഓരോ വര്‍ഷവും നിയോഗം പോലെ ആ ദൗത്യം അച്യുത വാര്യരെ തേടിയെത്തുകയാണ്. 95ലും കൊടിക്കൂറ തുന്നിയപ്പോള്‍ ആ കൈകളും മനസും വിറച്ചില്ല.

ആറു പതിറ്റാണ്ടു മുമ്പ് യാദൃശ്ചികമായി വന്നെത്തിയ നിയോഗമായിരുന്നു അത്. പിന്നീടൊരിക്കലും കൈമോശം വന്നിട്ടില്ലാത്ത നിയോഗം. അതൊരു വ്രതം പോലെ അച്യുത വാര്യര്‍ പരിശുദ്ധിയോടെ തുടരുന്നു. ഓരോ കൊടിക്കൂറയ്ക്ക് പിന്നിലും ആറു ദിവസത്തെ കഠിനാധ്വാനവും കൃത്യമായ അളവുതൂക്കങ്ങളുമുണ്ട്. കൃഷ്ണന് ഗരുഡനും, ശാസ്താവിന് കുതിരയും, ഭഗതവിയ്ക്ക് സിംഹവുമെന്ന കണക്ക് ഈ കൈകളില്‍ പിഴച്ചിട്ടില്ല. പ്രായത്തിന്‍റെ അവശതകള്‍ക്ക് മുമ്പിലും ഭക്തിയാണ് അച്യുത വാര്യരുടെ ശക്തി.

ENGLISH SUMMARY:

Thrichambaram Sree Krishna Temple festival is marked by the dedicated work of a 95-year-old man who has been stitching the temple's ceremonial flag for 73 years. His unwavering devotion and meticulous craftsmanship are evident in every flag, a testament to his lifelong commitment to this sacred tradition.