mobile-phone-cover-cash

AI Image

നിങ്ങളുടെ ഫോൺ കവറിനുള്ളിൽ പണം സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഈ നിമിഷം അതങ്ങ് എടുത്തു മാറ്റിക്കോളൂ! കാരണം നിങ്ങൾ കരുതുന്നതിലും വലിയൊരു അപകടത്തെയാണ് നിങ്ങൾ പോക്കറ്റിൽ കൊണ്ടുനടക്കുന്നത്. വെറുമൊരു അലസത നിങ്ങളുടെ ഫോണിന്‍റെ ആയുസ് കുറയ്ക്കുമെന്നു മാത്രമല്ല, വൻ ദുരന്തത്തിന് വരെ കാരണമായേക്കാം.

പണം മാത്രമല്ല, പാസ്പോർട്ട്‌ സൈസ് ഫോട്ടോകളോ അല്ലെങ്കിൽ എടിഎം കാർഡ്  പ്രധാനപ്പെട്ട കാര്യങ്ങൾ എഴുതി വെച്ചിരിക്കുന്ന പേപ്പർ കഷ്ണങ്ങളോ ഓക്കെ ഫോണ്‍കവറില്‍  സൂക്ഷിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും. ഇങ്ങനെ ചെയ്താലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

താപനില കൂടുന്നു

ഫോൺ പ്രവർത്തിക്കുമ്പോൾ സ്വാഭാവികമായും പുറത്തുവിടുന്ന ചൂട് പുറത്തേക്ക് പോകാൻ അനുവദിക്കാതെ ഫോൺ കവറുകൾ തടഞ്ഞുനിർത്താറുണ്ട്. ഇതിനിടയിലേക്ക് നോട്ട്, എടിഎം കാർഡ്, ഫോട്ടോ എന്നിവ കൂടി വയ്ക്കുമ്പോൾ ഫോണിനുള്ളിലെ താപനില ക്രമാതീതമായി വർദ്ധിക്കുന്നു. പ്രത്യേകിച്ച് ഗെയിമിംഗ് നടത്തുമ്പോഴോ വീഡിയോകൾ കാണുമ്പോഴോ ഉണ്ടാകുന്ന അമിതതാപം പുറത്തുപോകാത്തത് ഫോണിന്‍റെ പെര്‍ഫോമന്‍സിനെ ഗുരുതരമായി ബാധിക്കും. 

mobile-phone-cover-debitcard

AI Image

തീപിടുത്ത സാധ്യത

വേനൽ കാലത്തും മറ്റും ഫോണുകള്‍ക്ക് തീപിടിക്കുന്ന പല സാഹചര്യങ്ങളെക്കുറിച്ചും നമ്മള്‍ വാർത്തകളിൽ വായിച്ചിട്ടില്ലേ?? ചില ഫോണ്‍ കവറുകള്‍ പ്രത്യേകിച്ച് മോശം നിലവാരമുള്ളവ ഫോണ്‍ അമിതമായി ചൂടാകുന്നതിന് ഇടയാക്കാറുണ്ട്. ഫോണിലെ കവര്‍ ഇറുകിയ രീതിയില്‍ ഘടിപ്പിച്ചിരിക്കുന്നതാണ് ഇതിന് കാരണം. ഇത്തരമൊരു സാധ്യതയുളളപ്പോള്‍ ഫോണ്‍ കവറില്‍ മറ്റ് സാധനങ്ങള്‍ വയ്ക്കുകയാണെങ്കില്‍ അപകട സാധ്യത വർധിക്കും. അപൂര്‍വ്വമാണെങ്കിലും ഫോണ്‍ അമിതമായി ചൂടാകുന്നത് കവറിനുള്ളില്‍ വച്ചിരിക്കുന്ന കറന്‍സികള്‍ കത്താന്‍ ഇടയാക്കുന്നു.

ബാറ്ററിയുടെ ആയുസ് കുറയ്ക്കുന്നു

അമിതമായ ചൂട് ഫോണ്‍ ബാറ്ററിയുടെ ആയുസ് പകുതിയായി കുറയ്ക്കാൻ കാരണമാകും. ദീര്‍ഘനേരം ചൂട് തങ്ങി നില്‍ക്കുന്നത് ബാറ്ററി പെട്ടെന്ന് വീർക്കാനും ചാർജ് വേഗത്തിൽ തീരാനും ഇടയാക്കും. 

ഇന്‍റര്‍നെറ്റ് വേഗം പതുക്കെയാക്കും

കവറിനുള്ളിൽ തിരുകി വെക്കുന്ന നോട്ടുകൾ ഫോണിന്‍റെ ആന്‍റിന ലൈനുകളെയും സെൻസറുകളെയും മറയ്ക്കാൻ സാധ്യതയുണ്ട്. ഇത് ഇന്റർനെറ്റ് വേഗത കുറയ്ക്കാനും റേഞ്ച് പ്രശ്നങ്ങൾക്കും കാരണമാകും. മാത്രമല്ല പല ഫോണുകളിലെയും സെന്‍സറുകള്‍ നോട്ടുകള്‍ വയ്ക്കുമ്പോള്‍ മറഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇത് ഫോണിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കും.

 ഈ പ്രശ്‍നങ്ങൾ എല്ലാം ഒരു പരിധി വരെ ഒഴിവാക്കാൻ ഒരു ഒറ്റ കാര്യം ചെയ്താൽ മതി.  കറൻസികൾ, എടിഎം കാർഡുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും വസ്‍തുക്കൾ എന്നിവ സ്‍മാർട്ട്‌ഫോണിന്‍റെ കവറിൽ സൂക്ഷിക്കരുത്. അതെടുത്തു മാറ്റുക. 

പ്രത്യേകിച്ച് വേനൽക്കാലത്ത് ഫോൺ തണുത്തതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക. ഫോൺ അമിതമായി ചൂടാകുന്നുണ്ടെങ്കിൽ കുറച്ചു സമയത്തേക്ക് അത് ഉപയോഗിക്കുന്നത് നിർത്തിവയ്ക്കുക. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിലും അമിത ചൂടുള്ള സ്ഥലങ്ങളിലും നിങ്ങളുടെ സ്‍മാർട്ട്‌ഫോൺ ഒരിക്കലും സൂക്ഷിക്കരുത്.

ENGLISH SUMMARY:

Do you keep cash or cards inside your mobile phone cover? Stop it right now! This habit can cause overheating, reduce battery life, and even lead to fire hazards. Learn why keeping objects inside your phone case is dangerous for your smartphone.